'റിയല്‍ മാഡ്രിഡ് എത്ര ഗോളടിച്ചാലും പ്രശ്നമല്ല, ഞങ്ങള്‍ തിരിച്ചടിച്ചിരിക്കും. ഈ സീസണില്‍ അവര്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കാനാകില്ല. ' കോപ ഡെല്‍ റേ ഫൈനലില്‍ ചിരവൈരികളായ റിയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി കരീടംചൂടിയ ശേഷം ബാഴ്സിലോണയുടെ കൗമാര പ്രതിഭാസം ലമീന്‍ യമാലിന്‍റെ പ്രതികരണമാണിത്. ഒരു പതിനേഴുകാരന്‍റെ അഹങ്കാരമോ, വിവേകമില്ലാത്ത പ്രസ്താവനയോ ആയി ചിലരെങ്കിലും, പ്രത്യേകിച്ച് റിയല്‍ മാഡ്രിഡ് ആരാധകര്‍, ഈ പ്രസ്താവനയെ വിമര്‍ശിച്ചു. പക്ഷെ, സീസണിലെ തുടര്‍ച്ചയായ 5ാം എല്‍ക്ലാസികോയിലും റിയല്‍ മാഡ്രിഡിനെ ബാഴ്സിലോണ പഞ്ഞിക്കിട്ടപ്പോള്‍, ലോകം തിരിച്ചറിയുന്നു അഹങ്കാരമല്ല, തന്നിലും തന്‍റെ ടീമിലുമുള്ള ഒരു പതിനേഴുകാരന്‍റെ ആത്മവിശ്വാസമാണ് ആ വാക്കുകളില്‍ പ്രതിഫലിച്ചത് എന്ന്. ലാലിഗ കിരീട പോരാട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ആദ്യ പതിനഞ്ച് മിനുട്ടില്‍ തന്നെ ബാഴ്സ രണ്ട് ഗോളിന് പിറകിലായി. പക്ഷെ, ലമീന്‍ യമാലിന്‍റെ വാക്കുകള്‍ അന്വര്‍ഥമാക്കും വിധം, ആദ്യ പകുതി അവസാനിക്കുമ്പോഴേക്ക് ബാഴ്സ മൂന്ന് ഗോള്‍ തിരിച്ചടിച്ച് മുന്നിലെത്തിയിരുന്നു.
ഗലാക്റ്റികോ Vs ലാ മാസിയ കിഡ്സ്
സീസണിന്‍റെ തുടക്കത്തില്‍ ഫുട്ബോള്‍ ലോകം മുഴുവന്‍ റിയല്‍ മാഡ്രിഡിന്‍റെ താര നിരയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടിലായിരുന്നു. കിലിയന്‍ എംബപ്പെ പി.എസ്.ജിയില്‍ നിന്നും മാഡ്രിഡിന്‍റെ വിഖ്യാതമായ തൂവെള്ളക്കുപ്പായത്തിലേക്ക് മാറിയതേയുള്ളൂ. ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ക്കൊപ്പം എംബപ്പെ എതിര്‍ ഗോള്‍മുഖത്ത് തീര്‍ക്കാന്‍ പോകുന്ന വിനാശമോര്‍ത്ത് റിയല്‍ ആരാധകര്‍ വായില്‍ വെള്ളമിറക്കി. മധ്യനിരയില്‍ ഈംഗ്ലീഷ് താരം ബെല്ലിങ്ഹാം, ഉറുഗ്വായുടെ വാല്‍വര്‍ഡെ. ഒപ്പം ഫ്രാന്‍സിന്‍റെ ചുഅമെനിയും കമവിംഗയും. പഴയ പടക്കുതിരയായ മോഡ്രിച്ചിന്‍റെ അനുഭവ സമ്പത്ത്. പിന്‍നിരയില്‍ റൂഡിജര്‍, ആല്‍ബ, അസന്‍സിയോ. ഈ ഗലാക്റ്റികോയെ തടയാന്‍ ആരുണ്ട്...? ആ ചോദ്യത്തിനുള്ള ബാഴ്സിലോണയുടെ ഉത്തരമായിരുന്നു വിഖ്യാതമായ ലാ മാസിയ അക്കാദമിയിലെ പിള്ളേര്‍. പതിനേഴും പതിനെട്ടും വയസ്സുള്ള ലമീന്‍ യമാലും, കുബാര്‍സിയും, ബാള്‍ഡെയും, ഗാവിയും, ഡാനി ഓല്‍മോയും ഒപ്പം (ലാ മാസിയ കിഡ് അല്ലെങ്കിലും) പത്തൊമ്പതുകാരനായ പെഡ്രിയും ചേര്‍ന്നാണ് റിയലിന്‍റെ പേരുകേട്ട ഗലാക്റ്റികോയെ തുടര്‍ച്ചയായ അഞ്ച് തവണയും നിലംപരിശാക്കയത്. പ്രതിസന്ധിയുടെ നിലയില്ലാ കയത്തില്‍ നിന്നും ഒരിക്കല്‍ കൂടി ലാ മാസിയ ബാഴ്സിലോണയെ സുവര്‍ണ കാലത്തേക്ക് നയിക്കുകയാണ്.
ലാ മാസിയ ബാഴ്സയുടെ ഡി.എന്‍.എ സൂക്ഷിപ്പ് കേന്ദ്രം
ഫുട്ബോളില്‍ സമ്പത്തിന്‍റെയും പ്രൗഢിയുടെയും പ്രതീകമാണ് റിയല്‍ മാഡ്രിഡ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളെ പൊന്നും വിലകൊടുത്ത് വാങ്ങിയാണ് ഏത് ക്ലബ്ബും കൊതിക്കുന്ന കിരീട നേട്ടങ്ങളും ചരിത്രവും റിയല്‍ മാഡ്രിഡ് നേടിയത്. സിദാന്‍, ബ്രസീലിയന്‍ റൊണാള്‍ഡോ, ലൂയീസ് ഫിഗോ, ഡേവിഡ് ബെക്കം, റോബര്‍ട്ടോ കാര്‍ലോസ്, റൗള്‍, നിസ്റ്റല്‍ റൂയി തുടങ്ങിയവര്‍ ഒരുമിച്ച് കളിച്ച ഒരു കാലം റിയല്‍ മാഡ്രിഡിനുണ്ടായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബെയില്‍, കരീം ബെന്‍സെമ, ലൂക്ക മോഡ്രിച്ച്, എയ്ഞ്ചല്‍ ഡീ മരിയ, റാമോസ്, പെപെ, മാര്‍സലോ തുടങ്ങിയവരായിരുന്നു പിന്നീട് ഗലാക്റ്റികോ താരങ്ങളായി റിയല്‍ മാഡ്രിഡില്‍ അരങ്ങ് വാണത്. ആ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയയാണ് കിലിയന്‍ എംബപ്പെയും, വിനീഷ്യസ് ജൂനിയറും, ബെല്ലിങ്ഹമുമൊക്കെ വന്നത്. ബാഴ്സിലോണ ഫുട്ബോള്‍ ചരിത്രത്തിലെ വേറിട്ട ക്ലബ്ബാകുന്നത് അവരുടെ കേളീ ശൈലി കൊണ്ടാണ്. യോഹാന്‍ ക്രൈഫിലൂടെ വേരുറപ്പിച്ച പൊസഷന്‍ ഫുട്ബോളിന്‍റെയും പൊസിഷണല്‍ ഫുട്ബോളിന്‍റെയും പല വകഭേദങ്ങളിലൂടെയാണ് ബാഴ്സിലോണ ആരാധകരുടെ ഹൃദയം കീഴടക്കിയത്. ആ ഫുട്ബോള്‍ ഡി.എന്‍.എ സ്ഥിരതയോടെ ബാഴ്സിലോണ നിലനില്‍ത്തുന്നത് ലാമാസിയ എന്ന ഫുട്ബോള്‍ അക്കാദമിയിലൂടെയാണ്. ബാഴ്സിലോണയുടെ ഏറ്റവും സുവര്‍ണ കാലഘട്ടമാണ് 2008-12 കാലം. ലാമാസിയ അക്കാദമിയില്‍ കളി പഠിച്ച് ക്രൈഫിന് കീഴില്‍ ബാഴ്സിലോണ താരമായിരുന്ന പെപ് ഗാര്‍ഡിയോളയായിരുന്നു പരിശീലകന്‍. ബാഴ്സിലോണയുടേത് മാത്രമല്ല, ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏക്കാലത്തെയും മികച്ചവനായി പലരും കണക്കാക്കുന്ന ലിയണല്‍ മെസിയും സാവി, ഇനിയേസ്റ്റ്, ബുസ്കെറ്റ്സ്, പീക്വെ, പുയോള്‍, പെഡ്രി തുടങ്ങിയ ഒരുപിടി ലാമാസിയ താരങ്ങള്‍ ലോക ഫുട്ബോളിനെ ഭരിച്ച കാലം. ചരിത്രത്തിലെ ഏറ്റവും മനോരഹരമായ ഫുട്ബോള്‍ കാഴ്ചവെച്ച ടീമുകളില്‍ ഒന്നായാണ് ആ ടീം കണക്കാക്കപ്പെടുന്നത്. ആ തലമുറ അവരുടെ സുവര്‍ണ കാലം പിന്നിട്ടപ്പോള്‍ പകരം ആതേ നിലവാരത്തിലുള്ള താരങ്ങള്‍ ലാ മാസിയയില്‍ നിന്ന് ഉയര്‍ന്ന് വന്നില്ല. ബാഴ്സ ഡി.എന്‍.എ രക്തത്തിലുള്ള അക്കാദമി കളിക്കാര്‍ക്ക് പകരം വന്‍ തുക ചെലവഴിച്ച് ടീമിലെത്തിച്ച താരങ്ങളെല്ലാം വന്‍ പരാജയമായി മാറി. ഇതിനോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും ചേര്‍ന്നതോടെ ബാഴ്സ മൈതാനത്തിനകത്തും പുറത്തും ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്ന് പോയി. ലാ മാസിയ വീണ്ടും പ്രതിഭകളെ സൃഷ്ടിച്ച് തുടങ്ങിയതോടെ ബാഴ്സ അവരുടെ പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്. അതിന്‍റെ വിളംബരമാണ് ഈ സീസണിലെ പ്രകടനം.
പ്രതിസന്ധി അവസരമാക്കിയ കഥ
പ്രതിസന്ധി ഘട്ടം അപ്രതീക്ഷിതമായ അവസരങ്ങള്‍ തുറന്നിടും. അതിനുള്ള ഉദാഹരണമാണ് ബാഴ്സിലോണ ഫുട്ബോള്‍ ക്ലബ്ബ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ വഴിയില്ലാതിരുന്ന കാലം. ക്ലബ്ബിന്‍റെ ചില ആസ്തികള്‍ വിറ്റും പുതിയ സ്പോണ്‍സര്‍ഷിപ്പുകള്‍ തരപ്പെടുത്തിയും കൊണ്ടു വന്ന ചില താരങ്ങളുടെ രജിസ്ട്രേഷന്‍ പോലും ലാ ലിഗയുടെ കടുത്ത സാമ്പത്തിക അച്ചടക്ക ചട്ടങ്ങള്‍ മൂലം നടത്താന്‍ പ്രയാസപ്പെട്ടു. സീനിയര്‍ ടീമിന്‍റെ പല പോസിഷന്‍സിലും നല്ല കളിക്കാരില്ല. അങ്ങനെയൊരു ടീമിനെ വെച്ച് എങ്ങനെ യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്മാരുമായി പിടിച്ച് നില്‍ക്കും...? ആ വിഷമവൃത്തത്തില്‍ നിന്നാണ് ലാ മാസിയയിലെ പിള്ളേരിലേക്ക് കണ്ണ് തിരിയുന്നത്. ക്ലബ്ബിന്‍റെ ഇതിഹാസ താരങ്ങളില്‍ ഒരാളായ സാവി പരിശീലകനായി വന്നപ്പോഴാണ് ആ പരീക്ഷണത്തിന് തുനിഞ്ഞത്. അങ്ങനെയാണ് ലമീന്‍ യമാല്‍ 16ാം വയസ്സിലും ഗാവിയും കുബാര്‍സിയും 17ാം വയസ്സിലും ബാല്‍ഡെ പതിനെട്ടാം വയസ്സിലും ബാഴ്സക്കായി അരങ്ങേറ്റം കുറിച്ചത്. വെറും അരങ്ങേറ്റമല്ല, ടീമിലെ സ്ഥിരം സാന്നിധ്യമായി ഇവര്‍ അതിവേഗം മാറി. ചുരുക്കത്തില്‍ ബാഴ്സയുടെ മോഷം സമയം ലാ മാസിയ പിള്ളേരുടെ നല്ല സമയമായി. സാവിയാണ് ലാ മാസിയ പിള്ളേരെ സീനിയര്‍ ടീമിലേക്ക് കൊണ്ടു വന്നതെങ്കിലും അതിന്‍റെ ഫലം കൊയ്യുന്നത് ഹാന്‍സി ഫ്ലിക്കെന്ന ജര്‍മന്‍ പരിശീലകനാണ്. അതിന്‍റെ ഫുള്‍ ക്രഡിറ്റും ഫ്ലിക്കിന് തന്നെയാണ്. 2015ന് ശേഷം ബാഴ്സയെ വീണ്ടും ലോക ഫുട്ബോളിന്‍റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് ഫ്ലിക്ക്. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഇന്‍റര്‍മിലാനോട് ബാഴ്സ തോറ്റത് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ്. അത് മാറ്റി നിര്‍ത്തിയാല്‍, സ്പാനിഷ് ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചു. ചിര വൈരികളായ റിയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് സ്പാനിഷ് സുപ്പര്‍ കപ്പും, കോപ്പ ഡെല്‍റേയും നേടി. അങ്ങനെ മൂന്ന് കിരീടങ്ങളുമായാണ് ബാഴ്സിലോണയുടെ കുട്ടിപ്പട സീസണ്‍ അവസാനിപ്പിക്കുന്നത്. മറുവശത്ത് റിയല്‍ മാഡ്രിഡിന്‍റെ ഗാലാക്റ്റികോ വെറും കയ്യോടെയാണ് സീസണോട് വിട പറയുന്നത്. ഇതൊരു തുടക്കം മാത്രമാണ്. ഫ്ലിക്കും ലാമാസിയിലെ പിള്ളേരും അടുത്ത സീസണിലും തീപിടിപ്പിക്കാന്‍ കാത്തിരിക്കുകയാണ്.