Image: AFP
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന തകര്‍ത്തിരുന്നു. സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ കരുത്തിലായിരുന്നു അര്‍ജന്‍റീനയുടെ ജയം. മെസി അര്‍ജന്റീനക്കായി സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന മത്സരമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മത്സരത്തിനിടെയുണ്ടായ തെറ്റായ തീരുമാനത്തിന്‍റെ പേരില്‍ മെസിക്ക് തന്നെ കൊല്ലാന്‍ തോന്നിയിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജന്‍റൈന്‍ യുവതാരം ഫ്രാങ്കോ ഫ്രാങ്കോ മസ്റ്റാന്റുവോനോ.
39, 80 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ഒരു തവണ കൂടി മെസ്സി പന്ത് വലയിലെത്തിച്ചിരുന്നെങ്കിലും അത് ഓഫ് സൈഡാകുകയായിരുന്നു. എന്നാല്‍ മെസ്സിക്ക് ഹാട്രിക് തികയ്ക്കാനുള്ള അവസരം മസ്റ്റാന്റുവോനോ കാരണം നഷ്ടപ്പെടുകയായിരുന്നു. കളിക്കിടെ ബോക്‌സിനടുത്തുവെച്ച് പന്തു ലഭിച്ച മസ്റ്റാന്റുവോനോ, അത് അപ്പോള്‍ മികച്ച പൊസിഷനിലുണ്ടായിരുന്ന മെസ്സിക്ക് പാസ് ചെയ്തില്ല. പകരം നേരിട്ട് പോസ്റ്റിലേക്ക് അടിക്കാന്‍ ശ്രമിച്ചു. പക്ഷേ പന്ത് പുറത്തേക്ക് പോയി. സ്വന്തം നാട്ടിലെ അവസാന മത്സരത്തില്‍ മെസ്സി ഹാട്രിക് നേടുമെന്ന ആരാധകരുടെ പ്രതീക്ഷയും വിഫലമായി.
''അദ്ദേഹത്തിന് എന്നെ കൊല്ലാന്‍ തോന്നിയിട്ടുണ്ടാകും. പക്ഷേ അദ്ദേഹത്തിന് കാര്യം മനസിലായി. അങ്ങനെ ചെയ്തതില്‍ ഞാന്‍ ക്ഷമ ചോദിച്ചു.'' - മല്‍സരശേഷം മസ്റ്റാന്റുവോനോ പറഞ്ഞു. റയല്‍ മഡ്രിഡ് താരമായ മസ്റ്റാന്റുവോനോയുടെ ദേശീയ ടീമിലെ രണ്ടാമത്തെ മത്സരമായിരുന്നു ഇന്നലെ.