36ാം വയസില്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് റയല്‍ മഡ്രിഡിന്റെ ബ്രസീലിയന്‍ ഇതിഹാസം മാര്‍സലോ. ‘ഫുട്ബോള്‍ കളിക്കാരനെന്ന നിലയില്‍ എന്റെ യാത്രയ്ക്ക് ഇവിടെ അവസാനമാകുന്നു. കാല്‍പന്തുകളിക്ക് ഇനിയുമേറെ നല്‍കാനുണ്ട് ’. വികാരനിര്‍ഭരമായ വിഡിയോ സന്ദേശത്തിലൂടെയാണ് മാര്‍സലോയുടെ വിരമിക്കല്‍ പ്രഖ്യാപനം. കൗമാരതാരമായിരിക്കെ കരിയര്‍ തുടങ്ങിയ ബ്രസീലിയന്‍ ക്ലബ് ഫ്ലൂമിനൻസെയ്ക്കുവേണ്ടിയാണ് മാര്‍സലോ അവസാനമായി കളത്തിലിറങ്ങിയത്. 2023 ല്‍ ഫ്ലൂമിനൻസെയ്ക്കൊപ്പം ലാറ്റിനമേരിക്കക്കാരന്റെ അഭിമാനപ്പോരാട്ടമായ കോപ്പ ലിബർട്ടഡോറസ് നേടി. നവംബറില്‍ കരാര്‍ അവസാനിപ്പിച്ച ശേഷം മാര്‍സലോ മറ്റൊരു ക്ലബിനായും കളിച്ചിരുന്നില്ല.
റോബര്‍ട്ടോ കാര്‍ലോസിന്റെ പിന്‍ഗാമി
റോബര്‍ട്ടോ കാര്‍ലോസിന്റെ പിന്‍ഗാമിക്കായുള്ള റയലിന്റെ തിരച്ചില്‍ അവസാനിച്ചത് ബ്രസീലിയന്‍ ക്ലബായ ഫ്ലൂമിനൻസെയില്‍. 17ാം വയസില്‍ ക്ലബിനായി അരങ്ങേറ്റം കുറിച്ച മാര്‍സലോയെ ഒരു വര്‍ഷത്തിനകം സ്പാനിഷ് വമ്പന്‍മാര്‍ റാഞ്ചി. കൗമരക്കാരനായി മഡ്രിഡിലെത്തിയ മാര്‍സലോ ക്ലബ് വിട്ടത് ഇതിഹാസമായി. 2007 മുതല്‍ 2022 വരെ റയലിന്റെ പ്രതിരോധത്തില്‍ അണിനിരന്ന മാഴ്സലോ നേടിയത് 25 കിരീടങ്ങള്‍. 5 ചാംപ്യന്‍സ് ലീഗും 6 ലാ ലീഗ കിരീടവും 2 കോപ്പ ഡെല്‍ റേ ട്രോഫിയും 5 സ്പാനിഷ് സൂപ്പര്‍ കപ്പും 4 ക്ലബ് ലോകകപ്പും 3 യറോപ്യന്‍ സൂപ്പര്‍ കപ്പും മാര്‍സലോയുടെ ശേഖരത്തിലേക്ക് എത്തി. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയപ്പോഴും മാര്‍സലോയെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ രാജ്യത്തിനായില്ല. 58 മല്‍സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. 2013ലെ കോണ്‍ഫെഡറേഷന്‍ കപ്പും 2012 ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളിമെഡലും 2008 ബെയ്ജിങ് ഒളിംപിക്സില്‍ വെള്ളിമെഡലും അണിഞ്ഞു.
ബ്രസീല്‍ നഷ്ടപ്പെടുത്തിയ പ്രതിഭ
റയല്‍ മഡ്രിഡില്‍ തിളങ്ങിയ മാര്‍സലോയ്ക്ക് അര്‍ഹമായ പരിഗണന ബ്രസീല്‍ ടീമില്‍ ലഭിച്ചില്ല. മാര്‍സലോയുടെ ആക്രമണ ശൈലിയേക്കാള്‍ പ്രതിരോധിച്ച് കളിക്കുന്ന ലെഫ്റ്റ് ബാക്ക് താരങ്ങളെയാണ് ബ്രസീലിയന്‍ പരിശീലകര്‍ എക്കാലവും വിശ്വസിച്ചത്. നിര്‍ണായക ഘട്ടങ്ങളില്‍ പരുക്കും മാര്‍സലോയുടെ രാജ്യാന്തര കരിയറില്‍ വില്ലനായി. 2018 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരുക്കേറ്റ മാര്‍സലോ പകരക്കാരുടെ ബെഞ്ചിലിരുന്നത് വേദനിപ്പിക്കുന്ന കാഴ്ച്ചയായി.
റയലിലേക്ക് മടങ്ങിവരുമോ ?
റയൽ മഡ്രിഡിനൊപ്പമുള്ള അഞ്ചാം ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിനു പിന്നാലെയാണ് മാർസലോ സ്പാനിഷ് ക്ലബ് വിട്ടത്. ഭാവിയിൽ മറ്റേതെങ്കിലും റോളിൽ ക്ലബ്ബിലേക്കു തിരിച്ചു വരുമെന്നും റയലിനൊപ്പമുള്ള അവസാന ചാംപ്യൻസ് ലീഗ് വിജയാഘോഷത്തിനിടെ മാർസലോ പറഞ്ഞിരുന്നു. അന്ന് ലിവർപൂളിനെതിരായ ഫൈനലിൽ കളിച്ചില്ലെങ്കിലും റയലിനു വേണ്ടി കിരീടം ഏറ്റുവാങ്ങിയത് ക്യാപ്റ്റൻ മാർസലോ ആയിരുന്നു. സ്പാനിഷ് ക്ലബ്ബിനൊപ്പമുള്ള മാർസലോയുടെ 25–ാം കിരീടമായിരുന്നു അത്. റയലിന്റെ 120 വർഷം നീണ്ട ചരിത്രത്തിൽ മറ്റൊരു കളിക്കാരനും ഇത്ര മികച്ച നേട്ടമില്ല. 16 വർഷമായി റയലിന്റെ തൂവെള്ള ജേഴ്സിയണിഞ്ഞ മാര്‍സലോ അഞ്ഞൂറിലേറെ മത്സരങ്ങൾ കളിച്ചു.