ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച സാന്ഡ്പേപ്പര് ഗേയ്റ്റ് സ്കാന്‍ഡല്‍ അഥവാ പന്തുചുരണ്ടൽ വിവാദം പുതിയ തലങ്ങളിലേക്ക് വ്യാപിച്ചതോടെ ഒാസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ നടപടികളാരംഭിച്ചു. എട്ടുവര്‍ഷം മുമ്പത്തെ വിവാദം വീണ്ടും അന്വേഷിക്കും. 2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗൺ ടെസ്റ്റിലെ പന്തുചുരണ്ടിലിന് പുറമെ പരമ്പരയിലെ നാല് ടെസ്റ്റുകളും അന്വേഷണപരിധിയിലുണ്ട്. മാത്രമല്ല 2017–18 ആഷസ് പരമ്പരയില്‍ പന്ത് കൈകാര്യംചെയ്ത രീതിയും അന്വേഷിക്കും.
സീനിയർ അഭിഭാഷക ഫിയോണ മക്ലിയോഡിന്റെ നേതൃത്വത്തിലാണ് സ്വതന്ത്ര ഫോറം പ്രവർത്തിക്കുക. ആറാഴ്ചയാണ് നടപടികൾക്കായി അനുവദിച്ചിരിക്കുന്നത്. നേരിട്ട് ഹാജരായോ ഓൺലൈനായോ രേഖാമൂലമോ ബന്ധപ്പെട്ടവർക്ക് മൊഴികളും വിവരങ്ങളും നൽകാം. അന്നത്തെ ഓസ്ട്രേലിയൻ ടീമിലെ താരങ്ങൾ, പരിശീലകസംഘം, ക്രിക്കറ്റ് ഓസ്ട്രേലിയയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഡയറക്ടർമാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. മൊഴികൾ രഹസ്യമായി സൂക്ഷിക്കും. എന്നാൽ അന്തിമ റിപ്പോർട്ടും ശുപാർശകളും ക്രിക്കറ്റ് ഓസ്ട്രേലിയ പരസ്യപ്പെടുത്തും. റിപ്പോർട്ട് ലഭിച്ച് 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇതോടെ കേപ് ടൗണിലെ ഒരു ടെസ്റ്റിൽ ഒതുങ്ങിനിന്ന വിവാദം ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ മറ്റൊരു നിർണായക കാലഘട്ടത്തിലേക്കും നീളുകയാണ്
വിവാദത്തിന്റെ പശ്ചാത്തലം: കേപ് ടൗൺ 2018
2018 മാർച്ചിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ ഓസ്ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിന്റെ സ്വഭാവത്തിൽ കൃത്രിമം നടത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞു. പന്തിന്റെ ഒരു ഭാഗം ഉരച്ച് അതിന്റെ സ്വിങ് സ്വഭാവത്തിൽ മാറ്റം വരുത്തുകയായിരുന്നു ലക്ഷ്യം. പന്തുചുരണ്ടലില്‍ പങ്കുണ്ടെന്ന് പിന്നീട് സമ്മതിച്ച അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത ശിക്ഷയാണ് വിധിച്ചത്. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണര്‍ക്കും ഒരു വർഷത്തെ വിലക്ക്. കാമറൂൺ ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്ക്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതിച്ഛായയ്ക്കും വിശ്വാസ്യതയ്ക്കും വലിയ ആഘാതമായിരുന്നു പന്തുചുരണ്ടല്‍
ഉസ്മാൻ ഖവാജയുടെ വെളിപ്പെടുത്തൽ
എട്ടു വർഷത്തിനുശേഷം സാൻഡ്പേപ്പർ ഗേറ്റ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കാൻ കാരണം മുൻ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകളാണ്. 2018-ലെ കേപ് ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം നടത്താനുള്ള നീക്കത്തെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ ആരോപണം. ഇത് കേവലം മൂന്ന് താരങ്ങളുടെ മാത്രം നീക്കമായിരുന്നില്ലെന്നും ടീം മൊത്തത്തിൽ അതിന്റെ ഭാഗമായിരുന്നുവെന്നുമാണ് ഖവാജയുടെ വാദം.
ഖവാജയുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി മുൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും രംഗത്തെത്തി. ഖവാജ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നായിരുന്നു വാർണറുടെ പ്രതികരണം. അതേസമയം, അന്നത്തെ ടീമിലുണ്ടായിരുന്ന പേസർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, സ്പിന്നർ നഥാൻ ലിയോൺ എന്നിവർ പന്തുചുരണ്ടൽ പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ ഇപ്പോഴത്തെ ടെസ്റ്റ് ക്യാപ്റ്റൻ കൂടിയായ കമ്മിൻസ് ഖവാജയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. പന്തിൽ കൃത്രിമം നടത്താനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന നിലപാടിൽ എട്ടുവർഷമായി മാറ്റമില്ലെന്നും കമ്മിൻസ് വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം ആഷസ് പരമ്പരയിലേക്കും
പുതിയ അന്വേഷണത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം 2017–18 സീസണിലെ ഓസ്ട്രേലിയൻ ടീമിന്റെ പന്ത് കൈകാര്യം ചെയ്ത രീതികൾ പരിശോധിക്കുമെന്നതാണ്. ഇതിൽ ഇംഗ്ലണ്ടിനെതിരായ 2017–18 ആഷസ് പരമ്പരയും ഉൾപ്പെടും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാല് ടെസ്റ്റുകളും അന്വേഷണപരിധിയിലുണ്ട്.
അന്നത്തെ ഓസ്ട്രേലിയൻ ടീമിലെ താരങ്ങൾ, പരിശീലകസംഘം, ക്രിക്കറ്റ് ഓസ്ട്രേലിയയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഡയറക്ടർമാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. സീനിയർ അഭിഭാഷക ഫിയോണ മക്ലിയോഡിന്റെ നേതൃത്വത്തിലാണ് സ്വതന്ത്ര ഫോറം പ്രവർത്തിക്കുക. ആറാഴ്ചയാണ് നടപടികൾക്കായി അനുവദിച്ചിരിക്കുന്നത്. നേരിട്ട് ഹാജരായോ ഓൺലൈനായോ രേഖാമൂലമോ ബന്ധപ്പെട്ടവർക്ക് മൊഴികളും വിവരങ്ങളും നൽകാം. എന്നാൽ ഈ നടപടി പുതിയ ശിക്ഷകൾ വിധിക്കാനുള്ള അന്വേഷണമായി കാണാനാവില്ല. വ്യക്തികളെ കുറ്റക്കാരായി പ്രഖ്യാപിക്കുകയോ പഴയ ശിക്ഷകൾ പുനഃപരിശോധിക്കുകയോ ചെയ്യില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരിക്കുന്നത്. അന്തിമ റിപ്പോർട്ടും ശുപാർശകളും പരസ്യപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പുതിയ ഫോറം എന്താണ് പരിശോധിക്കുക?
മൂന്ന് പ്രധാന കാര്യങ്ങളിലാണ് പുതിയ നടപടിയുടെ ശ്രദ്ധ:
* 2017–18 സീസണിൽ ഓസ്ട്രേലിയൻ ടീം പന്ത് കൈകാര്യം ചെയ്ത രീതികളും അതുമായി ബന്ധപ്പെട്ട നടപടികളും.
* ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ പന്തുചുരണ്ടൽ സംഭവങ്ങളുടെ യഥാർഥ പശ്ചാത്തലം.
* 2018-ൽ ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ ആദ്യ അന്വേഷണത്തിന്റെ നടപടിക്രമങ്ങളും കണ്ടെത്തലുകളും.
പുതിയ ഫോറത്തിൽ പങ്കെടുക്കുന്നവരുടെ മൊഴികൾ രഹസ്യമായി സൂക്ഷിക്കും. എന്നാൽ അന്തിമ റിപ്പോർട്ടും ശുപാർശകളും ക്രിക്കറ്റ് ഓസ്ട്രേലിയ പരസ്യപ്പെടുത്തും. റിപ്പോർട്ട് ലഭിച്ച് 30 ദിവസത്തിനുള്ളിൽ അത് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
എന്തുകൊണ്ട് ഈ അന്വേഷണം നിർണായകം?
സാൻഡ്പേപ്പർ ഗേറ്റ് വിവാദത്തിൽ ഇതുവരെ പുറത്തുവന്ന വിവരങ്ങളും പുതിയ വെളിപ്പെടുത്തലുകളും തമ്മിൽ വലിയ അന്തരമുണ്ട്. മൂന്ന് താരങ്ങളിലേക്ക് മാത്രം ഉത്തരവാദിത്വം ചുരുക്കിയ 2018-ലെ അന്വേഷണത്തിന്റെ സമഗ്രതയെക്കുറിച്ചാണ് ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നത്. പ്രത്യേകിച്ച്, അന്നത്തെ ടീമിലെ മറ്റ് താരങ്ങൾക്കും പരിശീലകർക്കും സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ 2017–18 ആഷസ് പരമ്പര അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയെന്നതുകൊണ്ട് ആ പരമ്പരയിൽ പന്തുചുരണ്ടൽ നടന്നുവെന്ന് അർഥമില്ല. അന്നത്തെ പന്ത് കൈകാര്യം ചെയ്ത രീതികൾ പരിശോധിക്കുകയാണ് ലക്ഷ്യം.
എട്ടുവർഷം പഴക്കമുള്ള വിവാദം ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ വിശ്വാസ്യതയെ വീണ്ടും പ്രതിക്കൂട്ടിലാക്കുകയാണ്. കേപ് ടൗണിൽ യഥാർഥത്തിൽ സംഭവിച്ചതെന്ത്? മൂന്ന് താരങ്ങൾ മാത്രമാണോ ഉത്തരവാദികൾ? അതോ ടീമിലെ കൂടുതൽ പേർക്ക് ഇതിൽ പങ്കോ അറിവോ ഉണ്ടായിരുന്നോ?
പുതിയ സ്വതന്ത്ര ഫോറത്തിന്റെ കണ്ടെത്തലുകൾക്ക് ഈ ചോദ്യങ്ങളിൽ നിർണായകമായ വ്യക്തത കൊണ്ടുവരാനാകും. ശിക്ഷയേക്കാൾ ഉപരി സത്യം പുറത്തുകൊണ്ടുവരാനും ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുമുള്ള ശ്രമമായാണ് പുതിയ നീക്കത്തെ വിലയിരുത്തേണ്ടത്.