ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം (ഇടത്ത്), ഗില്‍ (വലത്)

  • വെല്ലിങ്ടണ്‍ ടെസ്റ്റിന് പിന്നാലെയാണ് പന്തിന്റെ നിലവാരത്തെ കുറിച്ച് ഗില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഡ്യൂക്ക്സും കൂക്കബുറ പന്തുകളും ആദ്യ 25–30 ഓവറുകള്‍ കഴിയുമ്പോള്‍ കൂടുതല്‍ സോഫ്റ്റാവുകയാണെന്നും ബാറ്റിങ് എളുപ്പമാക്കുന്നുവെന്നുമായിരുന്നു ഗില്ലിന്‍റെ പ്രതികരണം

പന്തിനെ കുറിച്ചുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ആശങ്കകള്‍ തള്ളി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം. പിച്ചിനനുസരിച്ച് പന്തിന്റെ സ്വഭാവം മാറാമെന്നും അത് എന്തുതന്നെ ആയാലും അതിനനുസരിച്ച് കളിക്കാനാണ് കളിക്കാര്‍ പഠിക്കേണ്ടതെന്നും അല്ലാതെ ഒഴികഴിവ് പറയുകയല്ല വേണ്ടതെന്നും ലാഥം പറഞ്ഞു. വെല്ലിങ്ടണ്‍ ടെസ്റ്റിന് പിന്നാലെയാണ് പന്തിന്റെ നിലവാരത്തെ കുറിച്ച് ഗില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഡ്യൂക്ക്സും കൂക്കബുറ പന്തുകളും ആദ്യ 25–30 ഓവറുകള്‍ കഴിയുമ്പോള്‍ കൂടുതല്‍ സോഫ്റ്റാവുകയാണെന്നും ബാറ്റിങ് എളുപ്പമാക്കുന്നുവെന്നുമായിരുന്നു ഗില്ലിന്‍റെ പ്രതികരണം. 

എന്നാല്‍ പന്തിന് വേഗത്തില്‍ തേയ്മാനം സംഭവിക്കുന്നതില്‍ പിച്ചിനും പങ്കുണ്ടെന്നും എന്നാല്‍ ടീമുകള്‍ അതിനനുസരിച്ച് മാറുകയാണ് വേണ്ടതെന്നുമായിരുന്നു രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലാഥത്തിന്‍റെ മറുപടി. 'ചിലപ്പോള്‍ വിക്കറ്റാകും പന്തിനെക്കാള്‍ കൂടുതല്‍ കളിയെ നിശ്ചയിക്കുക. അതില്‍ ഡ്യൂക്ക്സെന്നോ കുക്കബുറയെന്നോ വ്യത്യാസമില്ല. എന്താണോ സാഹചര്യമെന്ന് നോക്കി അതിനനുസരിച്ച് കളിയെ ക്രമീകരിക്കുകയെന്നതാണ് വേണ്ടത്'- അദ്ദേഹം വിശദീകരിച്ചു.

ക്രൈസ്റ്റ് ചര്‍ച്ചില്‍ കുറേനേരം കൂടി പന്ത് പുതുമയോടെ നില്‍ക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ലാഥം പറഞ്ഞു. പരമ്പരകളും കാലാവസ്ഥയുമെല്ലാം പന്തിനെ സ്വാധീനിക്കാമെന്നും ചിലപ്പോള്‍ പന്ത് നന്നായിരിക്കുമെന്നും ചിലപ്പോള്‍ മോശമാകുമെന്നും അതില്‍ ഉത്കണ്ഠപ്പെടുകയല്ല വേണ്ടതെന്നും ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. 

ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലാണ് പൊതുവെ കൂക്കബുറ പന്ത് ഉപയോഗിക്കുന്നത്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഡ്യൂക്ക്സും ഉപയോഗിക്കുന്നു. ഇന്ത്യയാവട്ടെ പന്ത് പഴകുംതോറും സ്പിന്‍ ആനുകൂല്യം കൂടുതല്‍ ലഭിക്കുന്ന എസ്ജി പന്തുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ പിച്ചുകള്‍ പൊതുവെ വരണ്ടതായതിനാലാണിത്. ഡ്യൂക്ക്സ് പന്തിന് ഇടത്തരം സ്പിന്‍ ആനുകൂല്യവും കൂക്കബുറയാകുമ്പോള്‍ ചിലപ്പോള്‍ സ്പിന്‍ കിട്ടിയില്ലെന്നും വരും. റിവേഴ്സ് സ്വിങും കൂക്കബുറയില്‍ കുറവാണ്. 

ENGLISH SUMMARY:

New Zealand captain Tom Latham has dismissed Indian Test captain Shubman Gill's concerns about the quality and durability of cricket balls used in Test matches. Gill had pointed out that Dukes and Kookaburra balls tend to become softer after 25–30 overs, making batting easier. Responding ahead of the second Test, Latham said teams must learn to adapt to changing pitch and ball conditions rather than make excuses. He also noted that pitch conditions, weather and the type of ball can all influence the game, and players must adjust their strategies accordingly.