ഐസിസി ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജയ് ഷാ (ചിത്രം : PTI)

  • 'ഐസിസി ബോര്‍ഡ് എന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ എനിക്ക് വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. എല്ലാ ഡയറക്ടര്‍മാരുടെയും പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി'

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി ജയ് ഷായെ വീണ്ടും നിയമിച്ചു. കാലാവധി അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെയാണ് പുനര്‍നിയമനം. നിലവിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനാണ് കാലാവധി നീട്ടിയതെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഇതോടെ 2030 വരെ ജയ് ഷാ ഐസിസി ചെയര്‍മാന്‍ സ്ഥാനത്ത് തുടരും. 

എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ബാലിയില്‍ ചേര്‍ന്ന ഐസിസി യോഗത്തില്‍ ഡയറക്ടര്‍മാര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിക്കപ്പെട്ടു. 2024 ഓഗസ്റ്റിലാണ് ജയ് ഷാ നേരത്തെ ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബറില്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റു. ഷാ യുടെ നേതൃത്വത്തില്‍ ബോര്‍ഡ് പൂര്‍ണവിശ്വാസം രേഖപ്പെടുത്തി. ലൊസാഞ്ചലസില്‍ 2028ല്‍ നടക്കുന്ന ഒളിംപിക്സില്‍ ക്രിക്കറ്റുമുണ്ടാകും.

'ഐസിസി ബോര്‍ഡ് എന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ എനിക്ക് വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. എല്ലാ ഡയറക്ടര്‍മാരുടെയും പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പറയുന്നു. ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒരേ സമയം പ്രിവിലിജും ഒപ്പം ഉത്തരവാദിത്തവുമാണ്. രാജ്യാന്തര തലത്തില്‍ ക്രിക്കറ്റിന്‍റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും'- ജയ് ഷാ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. കായിക ചരിത്രത്തിന്‍റെ സുപ്രധാനവും ആകാംക്ഷാഭരിതവുമായ കാലത്തിലേക്ക് കടക്കുകയാണ്. ക്രിക്കറ്റ് വീണ്ടും ഒളിംപിക്സിലേക്ക് മടങ്ങിയെത്തുന്നു. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സില്‍ ക്രിക്കറ്റുമുണ്ടാകും.

ജനങ്ങളെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതിലാണ് ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ  കരുത്തെന്നാണ് ‍ഞാന്‍ കരുതുന്നത്. ഡയറക്ടര്‍മാരുടെയും അംഗങ്ങളുടെയും ഉറച്ച പിന്തുണയോടെ ഓരോ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനാകുമെന്നും വരും തലമുറയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു'- ജയ് ഷാ കുറിച്ചു. 

ENGLISH SUMMARY:

Jay Shah has been reappointed as the Chairman of the International Cricket Council (ICC) unopposed, extending his tenure until 2030. The decision was approved by the ICC Board following a recommendation from its directors at a meeting in Bali, ensuring continuity in the organisation's leadership. Shah, who first became ICC Chairman in August 2024 and officially assumed office in December 2024, thanked the board members for their continued confidence and support. He also highlighted cricket's return to the Olympics at the 2028 Los Angeles Games as a major milestone for the sport.