ഇന്ത്യൻ ക്രിക്കറ്റിൽ പുത്തന്‍ പ്രതീക്ഷയായി പേസര്‍ ഗുർണൂർ ബ്രാറിന്റെ മിന്നും പ്രകടനം. വെല്ലിങ്ടണിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ ബ്രാര്‍ ന്യൂസിലൻഡ് മണ്ണിൽ ഏകദിനത്തിൽ ഒരു ഇന്ത്യൻ പേസറുടെ രണ്ടാമത്തെ മികച്ച ബോളിങ് പ്രകടനമെന്ന നേട്ടവും സ്വന്തമാക്കി.
വേഗമേറിയ വിദേശ പിച്ചുകളില്‍ ഇന്ത്യക്ക് പുത്തന്‍ പ്രതീക്ഷയായി ഗുര്‍ണൂര്‍ ബ്രാര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ ഇന്ത്യൻ പേസർമാർ തുടക്കംമുതൽ സമ്മർദത്തിലാക്കിയെങ്കിലും മത്സരത്തിന്റെ ഗതി നിർണയിച്ചത് ഗുർണൂർ ബ്രാറായിരുന്നു. ഓപ്പണർമാരായ ടിം സെയ്ഫെർട്ടിനെയും വിൽ യങ്ങിനെയും തുടക്കത്തിൽ തന്നെ മടക്കിയ ഓഖിബ് നബിയും അൻഷുൽ കാംബോജും കിവീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു. ഇരുപതാം ഓവറിൽ തുടർച്ചയായ രണ്ട് പന്തുകളിൽ ടോം ലാഥത്തിനെയും ഗ്ലെൻ ഫിലിപ്സിനെയും പുറത്താക്കിയ ബ്രാർ ന്യൂസിലൻഡിനെ 5 വിക്കറ്റിന് 53 റണ്‍സ് എന്ന നിലയിലെത്തിച്ചു.
പിന്നീട് ക്യാപ്റ്റൻ മിച്ചൽ സാന്റന്റേയും നഥാൻ സ്മിത്തിനെയും പുറത്താക്കി ബ്രാർ തന്റെ വിക്കറ്റ് നേട്ടം നാലാക്കി.10 ഓവറിൽ രണ്ട് മെയ്ഡനടക്കം 30 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ. കരിയറിലെ ഏറ്റവും മികച്ച ഏകദിന ബൗളിങ് പ്രകടനവും കളിയിലെ താരത്തിനുള്ള പുരസ്കാരവും ബ്രാറിന് സ്വന്തം. ന്യൂസിലൻഡില്‍ ഏകദിനക്രിക്കറ്റില്‍ ഇന്ത്യൻ പേസറുടെ രണ്ടാമത്തെ മികച്ച ബോളിങ് പ്രകടനമാണിത്.
ഇന്ത്യൻ ബൗളർമാരുടെ കൃത്യതയ്ക്കു മുന്നിൽ ന്യൂസിലൻഡ് ഇന്നിങ്സ് 41 ഓവറിൽ 134 റൺസിൽ അവസാനിച്ചു.. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ മത്സരത്തിലും മൂന്ന് വിക്കറ്റുകൾ നേടിയ ബ്രാർ രണ്ടു മത്സരങ്ങളിൽനിന്ന് ഏഴുവിക്കറ്റുകളുമായി പരമ്പരയിൽ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.