ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച സാൻഡ്‌പേപ്പർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖ്വാജ. പന്തിൽ കൃത്രിമം കാണിച്ചതിനെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്ന് ഖ്വാജ പറയുന്നു. ഉടന്‍പുറത്തിറങ്ങുന്ന ആത്മകഥയിലാണ്  ഖ്വാജയുടെ വെളിപ്പെടുത്തൽ.  

2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിലായിരുന്നു ലോക ക്രിക്കറ്റിനെ ഞെട്ടിച്ച സാന്‍ഡ്പേപ്പര്‍ ഗേയ്റ്റ് എന്നറിയപ്പെടുന്ന പന്തുചുരണ്ടൽ വിവാദം. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം പന്തിന്റെ പ്രതലം സാൻഡ്‌പേപ്പർ ഉപയോഗിച്ച് ചുരണ്ടുന്ന കാമറൂൺ ബാൻക്രോഫ്റ്റിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അന്ന് ഓസ്ട്രേലിയൻ നായകനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരായിരുന്നു സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുവര്‍ഷത്തെ വിലക്കും ഏർപ്പെടുത്തി. 

എന്നാൽ പന്തുചുരണ്ടലിന് പിന്നില്‍ ഈ മൂന്നുപേർ മാത്രമല്ലെന്നാണ് ഖ്വാജ ഇപ്പോൾ പറയുന്നത്. ടീമിലെ ബാറ്റർമാർക്കും ബോളർമാർക്കും പരിശീലകസംഘത്തിനും  അറിവുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. കേപ് ടൗണില്‍ മാത്രമല്ല പോർട്ട് എലിസബത്ത് ടെസ്റ്റിലും സാൻഡ്‌പേപ്പർ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയിലെ പരാമർശം. ഈ മത്സരത്തിൽ ആദ്യ ഇന്നിങ്സിനിടെ കാമറൂൺ ബാൻക്രോഫ്റ്റ്  സാൻഡ്‌പേപ്പർ ഉപയോഗിച്ചെന്നും  പന്തിന് മികച്ച സ്വിങ് ലഭിച്ചിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. ഡേവിഡ് വാർണറും കാമറൂൺ ബാൻക്രോഫ്റ്റും സ്റ്റീവ് സ്മിത്തും കഴിഞ്ഞ എട്ടുവർഷമായി നേരിട്ട വിമർശനങ്ങളും ശിക്ഷകളും കണക്കിലെടുക്കുമ്പോൾ അവർക്ക് നീതി ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഖ്വാജ വ്യക്തമാക്കി.

അതേസമയം, ഖ്വാജയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ പഴയ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആവർത്തിച്ചു. പുതിയ വിവരങ്ങൾ ലഭിച്ചാൽ അവ പരിഗണിക്കും. അന്നത്തെ സംഭവത്തിൽ പങ്കില്ലെന്ന് ഓസ്ട്രേലിയൻ പേസർമാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, നഥാൻ ലയൺ എന്നിവർ നേരത്തെ വ്യക്തമാക്കിയിരുന്നു.  39-കാരനായ ഖ്വാജയുടെ ആത്മകഥയ്ക്ക് സബ്ര് എന്നാണ് പേര്. കാത്തിരിക്കാനുള്ള ക്ഷമ, സഹനം തുടങ്ങിയ അർഥം വരുന്ന  അറബി വാക്കാണിത്. 

ENGLISH SUMMARY:

Former Australian opening batsman Usman Khawaja has dropped shocking revelations about the infamous 2018 Sandpapergate ball-tampering scandal in his upcoming autobiography titled 'Sabr'. Khawaja claimed that the ball-tampering plot involved more than just the trio of Steve Smith, David Warner, and Cameron Bancroft, alleging that the entire team, including batters, bowlers, and coaching staff, was fully aware of the operation. He further revealed that sandpaper was also used during the Port Elizabeth Test prior to the Cape Town incident to generate extra reverse swing. Following these explosive claims, Cricket Australia reiterated its original investigation findings while assuring that any fresh evidence would be reviewed.