ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ മുന്‍ഭാര്യ ധനശ്രീ വര്‍മയെ ഗര്‍ഭിണിയായിരിക്കെ വഞ്ചിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന കഥകളുടെ സത്യാവസ്ഥ പുറത്ത്. ആര് ജെ മഹ്വാഷിന്റെ പോഡ്കാസ്റ്റ് അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് വിവാദത്തിനു കാരണമായത്. ധനശ്രീ ഗര്‍ഭിണിയായിരിക്കെ ചെഹല്‍ വഞ്ചിച്ചെന്നായിരുന്നു ചില സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെ പുറത്തുവന്ന ആരോപണം. എന്നാല്‍ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് വിരാമമാകുന്നത്.
തന്റെ മുന്‍കാല പ്രണയത്തെക്കുറിച്ചാണ് മഹ്വാഷ് പോഡ്കാസ്റ്റില്‍ സംസാരിക്കുന്നത്. പത്തൊന്‍പതാമത്തെ വയസില്‍ പരിചയപ്പെട്ട ആളുമായുണ്ടായ പ്രണയവും ദുരനുഭവങ്ങളുമാണ് അവര്‍ പങ്കുവച്ചത്. എന്നാല്‍ ഈ പശ്ചാത്തലം ഒഴിവാക്കിയ ശേഷമുള്ള ഭാഗമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. അതോടെ പരാമര്‍ശം ചഹലിനെക്കുറിച്ചാണെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
19ാം വയസില്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാളുമായി താന്‍ പ്രണയത്തിലായെന്നും എന്നാലയാള് തന്നെ മൂന്നുതവണ വഞ്ചിച്ചെന്നുമാണ് മഹ്വാഷ് പോഡ്കാസ്റ്റില്‍ പറയുന്നത്. പലതവണ വഞ്ചിക്കപ്പെട്ടെന്ന് അറിഞ്ഞിട്ടും അയാളോട് ക്ഷമിച്ചു കൂടെനിന്നു, തുടര്‍ന്ന് തന്റെ മാനസികാരോഗ്യം മോശമായെന്നും വിഷാദരോഗവും പാനിക് അറ്റാക്കും അനുഭവപ്പെട്ടെന്നും മഹ്വാഷ് പറയുന്നു. തുടര്‍ന്ന് ചികിത്സ തേടിയെന്നും ശക്തിയേറിയ മരുന്നുകള്‍ കഴിച്ചാണ് സാധാരണ നിലയിലേക്കെത്തിയതെന്നും മഹ്വാഷ് വെളിപ്പെടുത്തുന്നു.
എന്നാല്‍ വിവാഹക്കാര്യത്തെക്കുറിച്ച് അയാളുമായി സംസാരിച്ചപ്പോള്‍ മാനസികപ്രശ്നമുള്ള വ്യക്തിയെ കുടുംബം അംഗീകരിക്കില്ലെന്ന് പറഞ്ഞതായും മഹ്വാഷ് പറയുന്നു. പിന്നീടിയാള്‍ മറ്റൊരു വിവാഹം കഴിച്ച് ഭാര്യയെ ഗര്‍ഭിണിയായിരിക്കെ വഞ്ചിച്ചെന്ന് അറിഞ്ഞെന്നും മഹ്വാഷ് പറയുന്നു. ഒരിക്കല്‍ വഞ്ചിച്ചയാള്‍ എപ്പോഴും വഞ്ചിക്കും എന്ന മഹ്വാഷിന്റെ തുടര്‍ന്നുള്ള വാക്കുകളാണ് തെറ്റിദ്ധാരണക്കിടയാക്കിയത്.
2025ലാണ് ധനശ്രീ വര്‍മയും യുസ്വേന്ദ്ര ചഹലും തമ്മിലുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായത്. പിന്നീട് യാത്രകളിലും പൊതുപരിപാടികളിലും ചഹലിനൊപ്പം മഹ്വാഷിനെ കണ്ടിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നാണ് ഇരുവരും വ്യക്തമാക്കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് പോഡ്കാസ്റ്റ് പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചത്. ഈ വ്യാജപ്രചാരണത്തിനെതിരെയും സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ നിറയുന്നുണ്ട്.