ഷഹബാസ് ഷെരീഫ് (ഇടത്) PTI, പാക് ടീം (വലത്, X)

ഷഹബാസ് ഷെരീഫ് (ഇടത്) PTI, പാക് ടീം (വലത്, X)

  • 'ഇന്ത്യയ്ക്കെതിരെ നാലു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയ നമ്മുടെ ചുണക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍. നല്ല കളിയായിരുന്നു. മികച്ച പ്രകടനത്തില്‍ ടീമിനെയും പിസിബി ചെയര്‍മാന്‍ മുഹസിന്‍ നഖ്വിയെയും അഭിനന്ദിക്കുന്നു'

ഹോങ്കോങ് സിക്സസ് 2026 ല്‍ ഇന്ത്യയെ തോല്‍പ്പിച്ച പാക്കിസ്ഥാന്‍ ടീമിനെ അഭിനന്ദിച്ച് പാക്  പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിട്ട സമൂഹമാധ്യമ പോസ്റ്റിന് വന്‍ ട്രോള്‍. 'ഇന്ത്യയ്ക്കെതിരെ നാലു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയ നമ്മുടെ ചുണക്കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍. നല്ല കളിയായിരുന്നു. മികച്ച പ്രകടനത്തില്‍ ടീമിനെയും പിസിബി ചെയര്‍മാന്‍ മുഹസിന്‍ നഖ്വിയെയും അഭിനന്ദിക്കുന്നു'- എന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ പോസ്റ്റ്.  ഇന്ത്യ– പാക് പോരാട്ടം വൈറലായെങ്കിലും ഹോങ്കോങ് സിക്സസ് രാജ്യാന്തര ടൂര്‍ണമെന്‍റോ ഏഷ്യാ കപ്പ് പോലെയുള്ള ടൂര്‍ണമെന്‍റോ അല്ല. ക്രിക്കറ്റ് ഹോങ്കോങ് സംഘടിപ്പിക്കുന്ന ആറോവര്‍ കളിക്ക് ഐസിസി അംഗീകാരമുണ്ടെന്നത് മാത്രമാണ് കാര്യം. ആറോവര്‍ കളിക്ക് പാക് പ്രധാനമന്ത്രി ഇട്ട പോസ്റ്റ് പക്ഷേ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ഏഷ്യാ കപ്പിലുള്‍പ്പടെ ഇന്ത്യ തോല്‍പ്പിച്ച് വിട്ടത് മറന്നോ എന്നും ലോകകപ്പ് ഉള്‍പ്പടെ മറന്നിട്ടാണോ ആറോവറിലെ ജയവുമായി ആഘോഷിക്കാനിറങ്ങിയതെന്നും ആളുകള്‍ എക്സില്‍ കുറിച്ചു. Also Read:സഞ്ജുവിന്‍റെ കയ്യില്‍ നിന്നും കീപ്പറുടെ ഗ്ലൗസും പോയി; പകരമെത്തിയത് ഇഷാന്‍ കിഷന്‍; ഇതെന്തിനുള്ള പദ്ധതി

'നല്ല തമാശ' എന്ന് ചിലരും ' പാക്കിസ്ഥാനില്‍ ദേശീയ അവധി പ്രഖ്യാപിക്കുന്നോ?' എന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി എഴുതിയത് പോലെ ഓപ്പണിങ് മാച്ച് ആയിരുന്നില്ല ഇന്ത്യ–പാക് മല്‍സരമെന്നും  രണ്ട് മണിക്കൂര്‍ മുന്‍പ് യുഎഇയോട് തോറ്റ് തുന്നംപാടിയ ടീമാണ് പാക്കിസ്ഥാനെന്ന് തിരുത്തിയവരും കുറവല്ല. 'ഏറ്റവും വലിയ രാജ്യാന്തര ജയം നേടിയ പാക് ടീമിന് അഭിനന്ദനങ്ങള്‍. ഇതിന് മുന്നില്‍ ലോകകപ്പും ഏഷ്യാക്കപ്പുമെല്ലാം നിസ്സാരം' എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. 'ചരിത്രജയത്തില്‍ അഭിനന്ദനങ്ങള്‍, ഒരാഴ്ച അവധി പ്രഖ്യാപിക്കൂ' എന്നും കമന്റുകളുണ്ട്. 

അതേസമയം, മല്‍സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സാണ് ഇന്ത്യ എടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന്‍ 3.5 ഓവറില്‍ അനായാസം ലക്ഷ്യം കണ്ടു. പന്ത്രണ്ട് പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഖ്വാജ നഫിയുടെയും എട്ട് പന്തില്‍ നിന്ന് 35 റണ്‍സ് അടിച്ച ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദിയുടെയും പ്രകടനത്തിലായിരുന്നു പാക് ജയം.

ആദ്യ ഓവറില്‍ 11 റണ്‍സുമായി ചുവടുറപ്പിക്കാന്‍ നിന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. 11 പന്തില്‍ 40 റണ്‍സെടുത്ത ശശാങ്ക് സിങ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയും രാഹുല്‍ തെവാത്തിയയും ഗോള്‍ഡന്‍ ഡക്കുമായി. ബോളിങില്‍ ഒരോവറില്‍ അഞ്ച് സിക്സും ക്രുനാല്‍ വഴങ്ങി. രാവിലെ നടന്ന ആദ്യ മല്‍സരത്തില്‍ യുഎഇയോട് തോറ്റ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരായ ജയത്തോടെ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ത്യ അവസാനവുമായി. നാളെയാണ് ഫൈനല്‍.

ENGLISH SUMMARY:

Pakistan Prime Minister Shehbaz Sharif faced online trolling after congratulating the national cricket team for defeating India by four wickets in the Hong Kong Sixes 2026 tournament. Social media users mocked the celebrations, pointing out that the six-over competition is different from major tournaments such as the Asia Cup and the World Cup, with some sarcastically suggesting a week-long national holiday. Pakistan chased India's target of 89 runs in just 3.5 overs, powered by Khawaja Nafay's 41 off 12 balls and captain Abbas Afridi's 35 off eight deliveries. Despite losing their earlier match against the UAE, Pakistan climbed to the top of Group C with the victory, while India finished at the bottom of the group.