ഗ്രൗണ്ടിലിറങ്ങിയാല്‍ വെടിക്കെട്ടാണെങ്കിലും ബാറ്റിങിന് ശേഷം എല്ലാവര്ക്കും കുട്ടിയാണ് വൈഭവ് സൂര്യവംശി. 15 കാരന്റെ സ്വഭാവം ബാറ്റിങില്‍ കാണിക്കില്ലെങ്കിലും പുറത്ത് പയ്യനോടുള്ള വാത്സല്യം വൈഭവിന് വേണ്ടുവോളം കിട്ടുന്നുണ്ട്. ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള വൈഭവും വെല്ലിംഗ്ടണിലെ ആരാധകരും തമ്മിലുള്ള സംസാരമാണ് സോഷ്യല്‍ ലോകത്ത് വൈറല്‍.
മൂന്നാം ട്വന്റി 20ക്കു ശേഷം ബൗണ്ടറിക്കരികില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു വൈഭവ്. ഈ സമയത്താണ് ഒരു സ്ത്രീയുമായി വൈഭവ് സംസാരിക്കുന്നത്. ചൂടുവെള്ളം കുടിക്കാനും തണുത്തത് ഒഴിവാക്കാനുമാണ് സ്ത്രീ വൈഭവിനോട് ആവശ്യപ്പെടുന്നത്. സംസാരം ഇങ്ങനെ.. 'വൈഭവ്... ഞങ്ങൾ ബല്ലിയയിൽ നിന്നുള്ളവരാണ്. എങ്ങനെയുണ്ട്, സുഖമാണോ? ചൂടുവെള്ളം കുടിക്കൂ, തണുത്തത് കുടിക്കരുത്',എന്നാണ് വിഡിയോയില്‍ പറയുന്നത്. ഇതുകേട്ട് ചിരിച്ചുകൊണ്ട് വൈഭവ് മുന്നോട്ട് നടക്കുന്നതും വിഡിയോയില്‍ കാണാം.
വിഡിയോ രാജസ്ഥാന് റോയല്‍സ് തങ്ങളുടെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചു. വൈഭവ് രാജ്യത്തിന്റെ മകനാണ്, അതുകൊണ്ട് ആവലാതി സ്വാഭാവികമാണ് എന്നാണ് രാജസ്ഥാന് റോയല്‍സ് വിഡിയോയ്ക്ക് നല്കിയ ക്യാപ്ഷന്‍.
ഇഷാന് കിഷനു പരുക്കേറ്റതോടെ ടീമിലിടം നേടിയ വൈഭവിന് മൂന്നാം ട്വന്റി 20യില്‍ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 19 പന്തില്‍ 45 റണ്‍സെടുത്ത വൈഭവ് ഓപ്പണിങില്‍ തിളങ്ങി. അഭിഷേക് ശര്‍മയ്ക്കൊപ്പം 7.1 ഓവറില്‍ 133 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ട് നേടിയത്. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഭിഷേക് ശര്‍മയുടെ 38 പന്തില്‍ 113 റണ്‍സ് പ്രകടനത്തില്‍ 13.2 ഓവറില്‍ മത്സരം ജയിച്ചിരുന്നു.