BCCI
സിംബാബ്വെയ്ക്കെതിരായ വനിതാ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്. സ്മൃതി മന്ഥനയുടെ നേതൃത്വത്തില് ആദ്യ പരമ്പരജയം കൂടിയാണിത്. റാഞ്ചിയിലെ രണ്ടാം മത്സരത്തില് ഇന്ത്യ ഒന്പതുവിക്കറ്റിനാണ് സിംബാബ്വെയെ തകര്ത്തത്. വൈസ് ക്യാപ്റ്റന് ഷഫാലി വര്മ 25 പന്തില് 55 റണ്സെടുത്തപ്പോള് സ്മൃതി 25 പന്തില് 47 റണ്സെടുത്ത് പുറത്താകാതെ നിന്നു. ആദ്യ ബാറ്റുചെയ്ത സിംബാബ്വെ എട്ടുവിക്കറ്റിന് 102 റണ്സെടുത്തു. ഇന്ത്യ 8.5 ഓവറില് ലക്ഷ്യം കണ്ടു.
ബൗളിംഗിലാണ് ഇന്ത്യ കളി കൈപ്പിടിയിലാക്കിയത്. ടോസ് നേടി ബാറ്റ് ചെയ്ത സിംബാബ്വെയെ 20 ഓവറിൽ 102/8 എന്ന സ്കോറിൽ ഒതുക്കി. ചിപ്പോ മുഗേരി-തിരിപാനോ 34 റൺസും ജോസഫിൻ എൻകോമോ 27 നോട്ടൗട്ടും നേടി പിടിച്ചുനിന്നെങ്കിലും മറ്റാരും തിളങ്ങിയില്ല. ഇന്ത്യക്കായി യുവ സ്പിന്നർ നിഖി പ്രസാദ് 2/7 മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ഓപ്പണർമാർ വെടിക്കെട്ടായി. ഷഫാലിയും സ്മൃതിയും ചേർന്ന് ആദ്യ വിക്കറ്റിൽ തന്നെ 96 റൺസിന്റെ കൂട്ടുകെട്ടുയർത്തി എട്ടോവറിനുള്ളിൽ മത്സരം ഏതാണ്ട് അവസാനിപ്പിച്ചു. 6 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ഷഫാലിയുടെ ഇന്നിങ്സ്. 25 പന്തില് 55 റണ്സായിരുന്നു താരം നേടിയത്. പ്ലെയർ ഓഫ് ദ മാച്ചും ഷഫാലി തന്നെ. 2026ൽ ഷഫാലി-സ്മൃതി ജോഡിയുടെ ഒൻപതാം ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടിയാണിത്. ഈ വർഷം വനിതാ ട്വന്റി20യിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി കൂട്ടുകെട്ടെന്ന റെക്കോർഡും ഇവർക്കൊപ്പം.