Kerala Blasters X page
ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോളില് കേരള ബ്ലാസ്റ്റേഴ്സിന് വമ്പന് തോല്വി. ഗുവാഹതി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില് നടന്ന എവേ മത്സരത്തില് ബ്ലാസ്റ്റേഴ്സ് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ നാലു ഗോളിനാണ് തോറ്റത്. ആദ്യ പകുതിയില് നോര്ത്ത് ഈസ്റ്റ് എതിരില്ലാത്ത രണ്ടുഗോളിന് മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി 60–ാം മിനിറ്റില് മോമോ യാന്സനെയാണ് ഗോള് നേടിയത്. നോര്ത്ത് ഈസ്റ്റിന് വേണ്ടി 15 ാം മിനിറ്റില് അലാദിന് അജറായിയും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില് അന്റോണിയോ മൊയാനോയുമാണ് ഗോള് നേടിയത്. 70 -ാം മിനിറ്റില് അലാദിന് രണ്ടാം ഗോള് നേടിയപ്പോള് മലയാളി താരം അമന് സി.കെയാണ് നോര്ത്ത് ഈസ്റ്റിന്റെ പട്ടിക തികച്ചത്
സ്വന്തം തട്ടകത്തിന്റെ പിന്തുണയോടെ കളത്തിലിറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടക്കം മുതൽ ആക്രമിച്ചു കളിക്കുകയായിരുന്നു. 15-ാം മിനിറ്റിൽ കിട്ടിയ ഒരു ലോങ് ബോളിൽ നിന്ന് അലാദ്ദീൻ അജറൈയിലൂടെ ആതിഥേയർക്ക് വേണ്ടി ആദ്യ ഗോൾ കണ്ടെത്തി. തുടർന്ന് തിരിച്ചടിക്കാൻ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് കൃത്യമായ പാസുകളിലൂടെ കളിയിലേക്ക് തിരിച്ചുവരാൻ നോക്കി. അഡ്രിയാൻ ലൂണ നൽകിയ കോർണർ കിക്കിൽ നിന്ന് അമേയ് റണവാഡെ തൊടുത്ത ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. നോർത്ത് ഈസ്റ്റിന്റെ പ്രത്യാക്രമണങ്ങളെ തടഞ്ഞുനിർത്താൻ ഗോൾകീപ്പർ അർഷ് ഷെയ്ഖ് നടത്തിയ സേവുകൾ ആദ്യ പകുതിയിൽ നിർണായകമായി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് അന്റോണിയോ മൊയാനോ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളോടെ കൂടുതൽ ഒത്തിണക്കത്തോടെയാണ് ബ്ലാസ്റ്റേഴ്സ് പന്തുതട്ടിയത്. പകരക്കാരനായി ഇറങ്ങിയ കൊറൗ സിങ്ങിന്റെ സാന്നിധ്യം മുന്നേറ്റനിരയ്ക്ക് പുതിയ വേഗത നൽകി. നിരന്തര ശ്രമങ്ങൾക്കൊടുവിൽ 60-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ മടക്കി. ബോക്സിനുള്ളിൽ നിന്ന് അഡ്രിയാൻ ലൂണ നൽകിയ സമർഥമായ പാസ് പിടിച്ചെടുത്ത് മോമോ യാൻസാനെ മികച്ചൊരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ പന്ത് വലയിലെത്തിച്ചു (2-1).
ഗോൾ മടക്കിയതോടെ മത്സരത്തിൽ പൂർണ്ണ നിയന്ത്രണം നേടിയെടുത്ത ബ്ലാസ്റ്റേഴ്സ്, സമനിലയ്ക്കായി ശക്തമായി പൊരുതി. ഫ്രെഡിയുടെ കരുത്തുറ്റ ലോങ് റേഞ്ച് ഷോട്ടുകളും ലൂണ-യാൻസാനെ-ഗ്രീൻ സഖ്യത്തിന്റെ മുന്നേറ്റങ്ങളും എതിർ ബോക്സിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചു. എന്നാൽ കളിയിലേക്ക് ശക്തമായി തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതിനിടെ പ്രത്യാക്രമണത്തിലൂടെ അജറൈ നോർത്ത് ഈസ്റ്റിനായി മൂന്നാം ഗോൾ കണ്ടെത്തി. തുടർന്ന് 82-ാം മിനിറ്റിൽ അമൻ സി.കെ കൂടി ലക്ഷ്യം കണ്ടതോടെ മത്സരം ആതിഥേയർക്ക് അനുകൂലമായി മാറി
സീസണിലെ ആദ്യ ഹോം പോരാട്ടത്തിനായി ബ്ലാസ്റ്റേഴ്സ് ടീം ഇനി കൊച്ചിയിലേക്ക് മടങ്ങും. ഒക്ടോബർ 25ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ നേരിടും. രണ്ടു കളികളിൽനിന്നു മൂന്നു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ പട്ടികയിൽ ആറാം സ്ഥാനത്താണ്.