Image Credit: PTI

Image Credit: PTI

  • ഭുവനേശ്വര്‍ കുമാറിെന ടീമില്‍ ഉള്‍പ്പെടുത്താന്‍ പലവട്ടം സെന്‍ട്രല്‍ സോണ്‍ സിലക്ടറായിരുന്ന രുദ്രപ്രതാപ് സിങ് ശ്രമിച്ചുവെങ്കിലും അഗാര്‍ക്കര്‍ വെട്ടി. അഗാര്‍ക്കര്‍ മാറിയതോടെ ഭുവിക്ക് വഴി തെളിയുകയായിരുന്നു

നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുയാണ് സൂപ്പര്‍താരം ഭുവനേശ്വര്‍ കുമാര്‍. 22ന് ആരംഭിക്കുന്ന ന്യൂസീലന്‍ഡ് ട്വന്‍റി 20 പരമ്പരയ്ക്കുള്ള ടീമിലാണ് ഭുവിയെ ഉള്‍പ്പെടുത്തിയത്. 36കാരനായ ഭുവി ഐപിഎലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നില്ല. വ്യാപക വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഇതേച്ചൊല്ലി നിറഞ്ഞിരുന്നു. ഇപ്പോഴിതാ ടീമിന് പുറത്ത് ഭുവിയെ നിര്‍ത്തിയ കാരണം വെളിപ്പെടുകയാണ്. അജിത് അഗാര്‍ക്കറിന്‍റെ താല്‍പര്യമില്ലായ്മയാണ് മികച്ച ഫോമിലായിട്ട് പോലും ഭുവനേശ്വര്‍ കുമാറിന്‍റെ കരിയറിലെ നിര്‍ണായക നാല് വര്‍ഷങ്ങള്‍ കളഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍. അഗാര്‍ക്കര്‍ മുഖ്യ സിലക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ ഭുവി ടീമില്‍ ഇടം നേടിയതും ഇതുകൊണ്ടാണെന്ന് ഉന്നത വൃത്തങ്ങള ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read: 'ഹര്‍മനും സ്മൃതിയും പരസ്പരം മുഖത്ത് പോലും നോക്കാറില്ല'; ഡ്രസിങ് റൂമില്‍ ചേരിപ്പോര്

ഭുവനേശ്വര്‍ കുമാറിനെ  ടീമില്‍ ഉള്‍പ്പെടുത്താന്‍ സെന്‍ട്രല്‍ സോണ്‍ സിലക്ടറായിരുന്ന രുദ്രപ്രതാപ് സിങ് പലവട്ടം ശ്രമിച്ചുവെങ്കിലും അഗാര്‍ക്കര്‍ വെട്ടി. അഗാര്‍ക്കര്‍ മാറിയതോടെ ഭുവിക്ക് വഴി തെളിയുകയായിരുന്നു. ബുംറയുടെ അഭാവം കൂടിയുള്ളപ്പോള്‍ പരിചയ സമ്പന്നനായ ഭുവിയെ ടീമിലെടുക്കാന്‍ പ്രഗ്യാന്‍ ഓജയ്ക്കും സംഘത്തിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഭുവി ടീമിലുണ്ടെങ്കില്‍ മായങ്കിനെയും പ്രിന്‍സ് യാദവിനെയും വളര്‍ത്തിയെടുക്കുക എളുപ്പമാകുമെന്നും 2028 ലെ ട്വന്‍റി 20 ലോകകപ്പില്‍ ഇത് ടീമിന് ഗുണം ചെയ്യുമെന്നും സിലക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നു. 

21 ടെസ്റ്റുകളിലും 121 ഏകദിനങ്ങളിലും ഭുവനേശ്വര്‍ കുമാര്‍ കളിച്ചിട്ടുണ്ട്. 87 ട്വന്‍റി 20 മല്‍സരങ്ങളില്‍ നിന്ന് 90 വിക്കറ്റുകളും താരം നേടി. ഭുവിയുടെ മടങ്ങിവരവ് ഷമിക്കും പ്രചോദനമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന വരുണ്‍ ചക്രവര്‍ത്തിയെയും ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി 20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

22 മുതല്‍ നവംബര്‍ ഒന്ന് വരെ ന്യൂസീലന്‍ഡിലാണ് ഇന്ത്യന്‍ ടീമിന്‍റെ 5 ട്വന്‍റി 20 മല്‍സരങ്ങള്‍ നടക്കുക. 22നും 24നും ക്രൈസ്റ്റ് ചര്‍ച്ചിലും 27ന് വെല്ലിങ്ടണിലും 30നും ഒന്നിനും ഓക്​ലന്‍ഡിലും ഹാമില്‍ടണിലുമായാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് ടെസ്റ്റ് മല്‍സരങ്ങളും ഇന്ത്യ കളിക്കും. 

ട്വന്‍റി 20യ്ക്കുള്ള ടീം ഇങ്ങനെ: ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

ENGLISH SUMMARY:

Veteran Indian pacer Bhuvneshwar Kumar has returned to the national T20I squad after a four-year absence and has been selected for the upcoming five-match series against New Zealand. Reports citing senior sources claim that former chief selector Ajit Agarkar’s lack of interest was a major reason for Bhuvneshwar being repeatedly overlooked despite strong performances in the IPL.