Image Credit:X/sabaorish
'കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറാത്ത ആ ഇന്ത്യന്‍ താരം ആരാണ്? ഇന്ത്യ–അഫ്ഗാന്‍ മൂന്നാം ട്വന്‍റി 20യ്ക്ക് മുന്നോടിയായി നടന്ന താരങ്ങളുമായുള്ള സംഭാഷണ പരിപാടിക്കിടെ ഇന്ത്യന്‍ സൂപ്പര്‍താരം അഭിഷേക് ശര്‍മയോട് ഉയര്‍ന്ന ചോദ്യമാണിത്. ഇന്ത്യന്‍ താരങ്ങളിലാരും അങ്ങനെ കണ്ണാടിക്ക് മുന്നില്‍ സദാ നില്‍ക്കുന്നവരുണ്ടെന്ന് തോന്നുന്നില്ലെന്നും പക്ഷേ അഫ്ഗാന്‍ താരങ്ങളുടെ കാര്യമെടുത്താല്‍ ഫസല്‍ഹഖ് ഫറൂഖിയാണ് ആ വിരുതനെന്നും അഭിഷേക് ശര്‍മ പറഞ്ഞു. Also Read: 'രണ്ട് പരമ്പര കൊണ്ട് ആരും എഴുതിത്തള്ളേണ്ട'; ഹാളണ്ട് സ്റ്റൈലില്‍ സെഞ്ചറി ആഘോഷിച്ച് അഭിഷേക്
'ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ കാര്യം അവിടെ നില്‍ക്കട്ടെ. പക്ഷേ അഫ്ഗാന്‍ താരങ്ങളില്‍ അത് ഫസല്‍ഹഖാണ്. കണ്ണാടിക്ക് മുന്നില്‍ തന്നെയാണ് കൂടുതല്‍ സമയം അവന്‍ ചിലവഴിക്കുന്നത്. അതും സ്വന്തം മുഖമിങ്ങനെ കണ്ണാടിയില്‍ നോക്കി നില്‍ക്കും. അടുത്തയിടെ വീണ്ടും കല്യാണം കഴിച്ചു. അഭിനന്ദനങ്ങള്‍'- അഭിഷേക് പറഞ്ഞ് നിര്‍ത്തിയതും കൂട്ടച്ചിരിയായി. സണ്‍റൈസേഴ്സ് ഹൈദരാബാദ് മുന്‍താരമായിരുന്നു ഫസല്‍ഹഖ്.
ഇന്ത്യന്‍ താരങ്ങളില്‍ ശിവം ദുബെയാണ് കണ്ണാടിക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. ടീമില്‍ ഏറ്റവുമധികം തമാശ കാണിച്ച് ആളെപ്പറ്റിക്കുന്നത് ഇഷാന്‍ കിഷനാണ് എന്നായിരുന്നു ശ്രേയസ് അയ്യരുടെയും അഭിഷേകിന്‍റെയും വെളിപ്പെടുത്തല്‍. രവി ബിഷ്ണോയും ഇക്കാര്യത്തില്‍ പിന്നിലല്ലെന്നും അഭിഷേക് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് 'കൊഹ്–ഇ–സഫര്‍' എന്ന പരിപാടി ഡല്‍ഹിയില്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിരും അഫ്ഗാന്‍ താരങ്ങളായ ഇബ്രാഹിം സര്‍ദാന്‍, മുഹമ്മദ് നബി, ഗുലാബദിന്‍ നബി എന്നിവരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങില്‍ അഫ്ഗാന്‍ പ്രീമിയര്‍ ലീഗ് ട്രോഫിയും പ്രദര്‍ശിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്ക്ക് എപിഎല്‍ വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. അഞ്ച് ടീമുകളാണ് ഈ വര്‍ഷം ഡിസംബര്‍ 27ന് തുടങ്ങുന്ന സീസണില്‍ പങ്കെടുക്കുക.