ഇന്നലെ രാത്രിയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന-ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നത്. സീനിയർ താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ഋഷഭ് പന്തിനെയും തള്ളിയാണ് സിലക്ഷൻ കമ്മിറ്റി വിൻഡീസ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. ഇതോടെ ഹാര്‍ദികും ഋഷഭും എവിടെയെന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തി. രണ്ട് പുതുമുഖങ്ങൾക്ക് ഇടം നല്‍കിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിക്കുന്നത്. പഞ്ചാബിന്റെ ഓൾറൗണ്ടർ നമന്‍ ധീര്‍ ജമ്മു കശ്മീരിൽ നിന്നുള്ള പേസർ അക്വിബ് നബി എന്നിവരാണ് ആദ്യമായി ഇന്ത്യൻ ഏകദിന സ്ക്വാഡിൽ ഇടംപിടിച്ച പുതുമുഖങ്ങൾ.
പൂർണ്ണ കായികക്ഷമത കൈവരിക്കാത്തതും 10 ഓവറുകൾ പൂർണമായി ബോള്‍ ചെയ്യാൻ സാധിക്കാത്തതും മൂലമാണ് ഹാർദിക്കിനെ പരിഗണിക്കാതിരുന്നത്. ഒക്ടോബറിൽ നടക്കുന്ന 'ഇന്ത്യ എ' മത്സരങ്ങളിൽ കായികക്ഷമത തെളിയിച്ച ശേഷമേ ഹാർദിക്കിനെ തിരിച്ചുവിളിക്കൂ എന്നാണ് ബിസിസിഐയുടെ നിലപാട്. അതേസമയം, വൈറ്റ് ബോൾ ക്രിക്കറ്റിലെ സമീപകാല പ്രകടനങ്ങൾ തൃപ്തികരമല്ലാത്തതിനാലാണ് പന്തിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കുന്നത്. അതേസമയം, ഇറാനി ട്രോഫിയിൽ 'റെസ്റ്റ് ഓഫ് ഇന്ത്യ' ടീമിന്റെ ക്യാപ്റ്റനായി പന്തിനെ നിയമിച്ചിട്ടുണ്ട്.
ഹാർദിക്കിന്റെ അഭാവത്തിൽ പേസ് ഓൾറൗണ്ടറായി നിതീഷ് കുമാർ റെഡ്ഡിയെ ഏകദിന സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് താരത്തെ മാറ്റി നിർത്തിയാണ് ഈ തീരുമാനം. ഹാര്‍ദികിന്‍റെ അഭാവവും പരീക്ഷിക്കാവുന്ന സീം ബോളിങ് ഓൾറൗണ്ട് ഓപ്ഷനുകളില്ലാത്തതുമാണ് കാരണം. ഏകദിനത്തില്‍ മാത്രമല്ല, ട്വന്‍റി 20 ടീമിലും നിതീഷ് കുമാർ റെഡ്ഡിയുണ്ട്. ഇതോടെ നിതീഷ് കുമാർ ഓടി നടന്ന് കളിക്കും എന്നാണ് ആരാധകരുടെ കമന്‍റും ട്രോളും. കുൽദീപ് യാദവും രണ്ടുടീമിലുമുണ്ട്. അതേസമയം, പരിചയസമ്പന്നനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തില്‍ ഇത്തവണ കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമയും വിരാട് കോലിയും ടീമിലുണ്ട്. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. അതേസമയം, ഏഷ്യൻ ഗെയിംസ് ടീമിന് സമാനമായ യുവനിരയുമായാണ് ഇന്ത്യ ട്വന്‍റി20 പരമ്പരയ്ക്കിറങ്ങുന്നത്. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവർ ടീമില്‍ തുടരുന്നു.
ഏകദിന ടീം: ശുഭ്മൻ ഗിൽ (C), രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, കെ.എൽ രാഹുൽ (VC & WK), ധ്രുവ് ജുറേൽ (WK), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, അക്വിബ് നബി, യശസ്വി ജയ്‌സ്വാൾ, നമൻ ധീർ.
ടി20 ടീം: ശ്രേയസ് അയ്യർ (C), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (WK), സഞ്ജു സാംസൺ (WK), തിലക് വർമ്മ (VC), ശിവം ദുബെ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്‌ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.