New Delhi: India's Sanju Samson celebrates his half century during the second T20I cricket match between India and Afghanistan, in New Delhi, Tuesday, Sept. 15, 2026. (PTI Photo/Shahbaz Khan)(PTI09_15_2026_000428A)
വൈഭവ് സൂര്യവംശിയുമായും അഭിഷേകുമായും താന്‍ മല്‍സരിക്കുകയാണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ക്ക് വായടപ്പിച്ച് സഞ്ജുവിന്‍റെ മറുപടി. 22 പന്തില്‍ നിന്ന് 57 റണ്‍സിന്‍റെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് പൊതുവെ വിമര്‍ശനങ്ങളോടും ഗ്രൗണ്ടിന് പുറത്തെ കോലാഹലങ്ങളോടും പ്രതികരിക്കാത്ത സഞ്ജു തുറന്നടിച്ചത്. ട്വന്‍റി 20 ടീമില്‍ ഓപ്പണിങ് സ്ഥാനത്തിനായി മല്‍സരമുണ്ടോയെന്ന മുനവച്ച ചോദ്യത്തിനായിരുന്നു സഞ്ജുവിന്‍റെ പ്രതികരണം. 'പുറമെ നിന്ന് നോക്കുന്നവര്‍ക്ക് വൈഭവും അഭിഷേകും എതിരാളികളാണെന്നും അവരോട് മല്‍സരിക്കുകയാണെന്നും തോന്നും. പക്ഷേ ഞങ്ങള്‍ ഒരു ടീമാണ്. രാജ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ കളിക്കുന്നത്. കളി ജയിക്കുകയാണ് ആദ്യ ലക്ഷ്യം. പിന്നെയാണ് വ്യക്തികള്‍ വരുന്നത്. നെഗറ്റീവടിച്ചിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അയ്യോ, എനിക്ക് ടീമിലിടമില്ല, അവനെ എടുത്തത് എന്തിനാണ് എന്നതരത്തിലുള്ള ചിന്താഗതി ഇവിടെ ചെലവാകില്ല'- സഞ്ജു വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയരുന്ന മുറവിളിയിലും സഞ്ജു പ്രതികരിച്ചു. വൈഭവിനായി സഞ്ജു മാറിക്കൊടുക്കണമെന്നും സഞ്ജു കഠിനാധ്വാനം ചെയ്യുന്നില്ലെന്നും മടിയാനാണെന്നുമടക്കം മുന്‍താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. 'സാധാരണയായി ഞാന്‍ വൈഫൈ ഓണാക്കാറില്ല. പക്ഷേ അത് ചിലനേരം ഓണാകും. അപ്പോള്‍ ഈ കമന്‍റുകളൊക്കെ കയറിവരും. ചില മുതിര്‍ന്നതാരങ്ങള്‍ ചില കാര്യങ്ങള്‍ പറഞ്ഞു. അത് സാധാരണമാണെന്നാണ് ഞാന്‍ കരുതുന്നത്. തീര്‍ച്ചയായും പുറമേക്ക് നിന്നുള്ള ഒച്ചപ്പാടുകള്‍ ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെ ബാധിക്കാറുണ്ട്. പക്ഷേ നിങ്ങളുടെ മനോഭാവം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ തയാറെടുപ്പുകള്‍ അതിനായി നടത്തണം'-സഞ്ജു വിശദീകരിച്ചു.
വിമര്‍ശനങ്ങള്‍ തന്നെ മുന്‍പ് ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിലേക്ക് അധികശ്രദ്ധ നല്‍കാതിരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും താരം വെളിപ്പെടുത്തി. ചിലപ്പോള്‍ അത് വിജയിക്കും, ചിലപ്പോള്‍ തളരുമെന്നും താരം പറയുന്നു. 'സത്യത്തില്‍ അത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പക്വത എനിക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മുന്‍പ് അതൊക്കെ വളരെ വേദനയുണ്ടാക്കിയിരുന്നു. ഞാന്‍ യന്ത്രമൊന്നുമല്ലല്ലോ. ഞങ്ങളാരുമല്ല. അതുകൊണ്ട് ആ കമന്‍റുകള്‍ ബാധിക്കാറില്ല എന്ന് പറയാന്‍ കഴിയില്ല. ഉറപ്പായും അവ ബാധിക്കും. പക്ഷേ അതിലേക്ക് ശ്രദ്ധ കൊടുക്കാന്‍ ഞാന്‍ നിന്നാല്‍ ഒരിക്കലും ഇതുപോലെ ബാറ്റ് ചെയ്യാന്‍ പറ്റില്ല. ഓരോ ഷോട്ട് അടിക്കുന്നതിന് മുന്‍പും പത്തുവട്ടം ആലോചിക്കും, ഈ പന്തില്‍ ഞാന്‍ പുറത്തായാല്‍ 'വൈഫൈ പ്രശ്നങ്ങള്‍' തലപൊക്കും. അതുകൊണ്ട്, ഞാനെപ്പോഴും എന്നോട് ഒരു പ്രശ്നവുമില്ലെന്നാണ് പറയാറുള്ളത്'- സഞ്ജു വിശദീകരിച്ചു.
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. സഞ്ജുവും അഭിഷേകും ചേര്‍ന്ന് 88 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് തീര്‍ത്തതോടെ 14.5 ഓവറില്‍ ലക്ഷ്യം കണ്ടു. ആദ്യ മല്‍സരങ്ങളില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിയാതിരുന്നത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. പ്ലേയിങ് ഇലവന് പുറത്താകുമെന്നും വൈഭവ് ഓപ്പണറായി എത്തുമെന്നും റിപ്പോര്‍ട്ടുകളും വന്നിരുന്നു. സഞ്ജുവിനെ പുറത്തിരുത്തി വൈഭവിന് അവസരം നല്‍കുകയാണ് വേണ്ടതെന്ന് മുന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും ക്രിസ് ശ്രീകാന്തുമടക്കം അഭിപ്രായപ്പെട്ടിരുന്നു.