ആദ്യ മല്‍സരത്തിലെ നിരാശ തീര്‍ത്ത പ്രകടനമാണ് രണ്ടാം ട്വന്‍റി20യില്‍ സഞ്ജുവിന്‍റേത്. ആറു സിക്സറും ഏഴു ഫോറും അടക്കം 22 പന്തില്‍ 57 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. മുഹമ്മദ് നബിയെറിഞ്ഞ ആറാം ഓവറില്‍ 20 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതിനൊപ്പം ഓപ്പണിങില്‍ 1000 ത്തിനു മുകളില്‍ സ്കോര്‍ ചെയ്യുന്ന ഇന്ത്യന്‍ താരവുമായി സഞ്ജു മാറി.
Also Read: ഞങ്ങളാരും റോബോട്ടല്ല; നെഗറ്റീവാകാനില്ല; തുറന്നടിച്ച് സഞ്ജു
മുഹമ്മദ് നബിയുടെ ആറാം ഓവറിലാണ് ഇന്നിങ്സിലെ മികച്ച പ്രകടനം വന്നത്. ആദ്യ പന്തില്‍ അഭിഷേക് ശര്‍മ സിക്സര്‍ നേടി. രണ്ടാം പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറിയ ശേഷം പിന്നെ സഞ്ജു ഷോ.
നേരിട്ട ആദ്യ പന്ത് ഡീപ് മിഡ്-വിക്കറ്റിന് മുകളിലൂടെ സിക്സര്‍ പറത്തി. തുടരെ രണ്ടു ബൗണ്ടറി നേടിയ സഞ്ജു സിക്സടിച്ചാണ് ഓവര്‍ അവസാനിപ്പിച്ചത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 27 റണ്‍സാണ് ഈ ഓവറില്‍ നേടിയത്. ഇതില്‍ സഞ്ജു 20 റണ്‍സ് നേടി.
തൊട്ടടുത്ത ഓവറില്‍ ഫോറടിച്ച് സഞ്ജു അര്‍ധ സെഞ്ചറി നേടിയെങ്കിലും അതേ ഓവറില്‍ പുറത്തായി. റാഷിദ് ഖാന്‍റെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കുകയായിരുന്നു.
Also Read: ബാറ്റുകൊണ്ട് സഞ്ജുവിന്റെ മറുപടി; ഇന്ത്യക്ക് അഫ്ഗാനെതിരെ തകര്‍പ്പന്‍ ജയം
ഇന്ത്യയ്ക്കായി 1000-ത്തിലധികം റൺസ് നേടിയ ഓപ്പണർമാരുടെ പട്ടികയിലേക്ക് സഞ്ജുവെത്തി. 1026 റണ്‍സാണ് സഞ്ജു ഓപ്പണറെന്ന നിലയില്‍ നേടിയത്. 181.59 ആണ് ഓപ്പണിങില്‍ സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ്. 29.73 ശതമാനം സ്കോറും ബൗണ്ടറിയില്‍ നിന്നുമാണ്. ഓപ്പണിങില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രോഹിത് ശര്‍മ (3750 റണ്‍സ്)യേക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റാണ് സഞ്ജുവിന്‍റേത്. 143.02 ആണ് രോഹിതിന്‍റെ സ്ട്രൈക്ക് റേറ്റ്. കെ.എൽ. രാഹുൽ (1826 റൺസ്), ശിഖർ ധവാൻ(1759 റൺസ്), അഭിഷേക് ശർമ്മ (1726 റൺസ്) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.