• റൺഔട്ട് ലക്ഷ്യമാക്കി ദീപ്തി എറിഞ്ഞ പന്ത് സുൽത്താന കാലുകൊണ്ട് തടഞ്ഞതാണ് ഇരുതാരങ്ങളും തമ്മിലുള്ള തർക്കത്തിനു കാരണമായത്.

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ പോരാടിച്ച് ഇന്ത്യയുടെ ദീപ്തി ശര്‍മയും ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും. ബംഗ്ലാദേശിന്‍റെ ബാറ്റിങിനിടെ വിക്കറ്റ് ലക്ഷ്യമാക്കി പന്ത് വലിച്ചെറിഞ്ഞതോടെയാണ് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടത്. മല്‍സരത്തിന്‍റെ പത്താം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. 

Also Read: ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍; എതിരാളി പാക്കിസ്ഥാനോ?

ദീപ്തി എറിഞ്ഞ പന്ത് കളിക്കാന്‍ ശ്രമിച്ച സുല്‍ത്താനയ്ക്ക് പന്ത് കൃത്യമായി കണക്ട് ചെയ്യിക്കാനായില്ല. ബാറ്റില്‍ തട്ടിയ പന്ത് നേരെ ദീപ്തിയുടെ കയ്യിലെത്തി. സുല്‍ത്താനയെ സമ്മര്‍ദത്തിലാക്കാന്‍ ദീപ്തി വിക്കറ്റിലേക്ക് പന്ത് വലിച്ചെറിഞ്ഞു. വിക്കറ്റിലേക്ക് വന്ന പന്ത് കാലുവച്ച് തടഞ്ഞ സുല്‍ത്താന ദീപ്തിയെ ചോദ്യം ചെയ്തു. കാലു കൊണ്ട് പന്ത് തടഞ്ഞത് എന്തിനെന്ന് ദീപ്തിയും തിരിച്ചു ചോദിച്ചു. ദീപ്തിക്കെതിരെ അംപയറോടും സുൽത്താന പരാതി പറയുന്നുണ്ടായിരുന്നു.

എന്നാല്‍ മല്‍സരത്തില്‍ ബംഗ്ലാദേശിന്‍റെ കഥ കഴിച്ചത് ദീപ്തി അടങ്ങുന്ന ബൗളിങ് നിരയാണ്. 26 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റാണ് ദീപ്തി വീഴ്ത്തിയത്. നന്ദനി ശർമ്മ രണ്ടു വിക്കറ്റ് വീഴ്ത്തി. പ്രേമ റാവത്തും ശ്രീ ചരണിയും ഓരോ വിക്കറ്റ് വീതം നേടി. സെമി ഫൈനലിൽ 40 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനെ ബംഗ്ലദേശിന് സാധിച്ചുള്ളൂ. 

തുടർച്ചയായി ആറാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലെത്തുന്നത്. ടൂർണമെന്റിന്റെ ഫോർമാറ്റ് ട്വന്റി20 ആയി മാറിയ 2012 മുതൽ ഇന്ത്യന്‍ ടീം എല്ലാ ഫൈനലുകളിലും കളിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക– പാക്കിസ്ഥാൻ മത്സരത്തിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികൾ

ENGLISH SUMMARY:

During the Women's Asia Cup semi-final between India and Bangladesh, an intense on-field verbal spat broke out between Indian bowler Deepti Sharma and Bangladesh captain Nigar Sultana. The heated exchange occurred in the tenth over when Deepti threw the ball back toward the wickets, leading Sultana to block it with her foot and complain to the umpire. Despite the temporary drama, Deepti dominated with the ball, taking three crucial wickets for 26 runs to dismantle the opposition. India comfortably won the match by 40 runs, securing their spot in the Women's Asia Cup final for the sixth consecutive time.