Image Credit: X/therealpcb

  • 24 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെറോസയ്ക്കെതിരെ നടപടിയുണ്ടാകുന്നത്. ഇതോടെ രണ്ട് ഡീമെറിറ്റ് പോയിന്റുകള്‍ താരത്തിന്‍റെ പേരിലായി

ഏഷ്യാക്കപ്പ് ഗ്രൂപ്പ് എ മല്‍സരത്തിനിടെ കളിക്കളത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഫാത്തിമ സനയ്ക്ക് പിന്നാലെ അടുത്ത പാക് താരത്തിനും ഐസിസിയുടെ 'ശിക്ഷ'. പാക് ബാറ്റര്‍ ഗുല്‍ ഫെറോസയ്ക്കാണ് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഡീമെറിറ്റ് പോയിന്‍റും. ഐസിസി പെരുമാറ്റച്ചട്ടത്തിലെ 2.8 വകുപ്പ് ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. ഹോങ്കോങിനെതിരായ മല്‍സരത്തില്‍ അംപയറുടെ തീരുമാനത്തിനെതിരെ തട്ടിക്കയറിയതിലാണ് നടപടി. പാക് ഇന്നിങ്സിന്‍റെ അഞ്ചാം ഓവറിലായിരുന്നു സംഭവം. എല്‍ബിഡബ്ല്യുവിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.  Also Read: 55 റണ്‍സിന് ഓള്‍ഔട്ടായിട്ടും 'ആറ്റിറ്റ്യ‍ൂഡ്' വിടാതെ പാക്ക് ക്യാപ്റ്റന്‍; ഷെഫാലിയോട് കയറിപ്പോകാന്‍ ആക്ഷന്‍

24 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെറോസയ്ക്കെതിരെ നടപടിയുണ്ടാകുന്നത്. ഇതോടെ രണ്ട് ഡീമെറിറ്റ് പോയിന്റുകള്‍ താരത്തിന്‍റെ പേരിലായി. ജൂണ്‍ 23ന് ഓസ്ട്രേലിയയ്ക്കെതിരെ വനിതാ ട്വന്‍റി 20 ലോകകപ്പ് ലീഗില്‍ കളിക്കുമ്പോഴായിരുന്നു ആദ്യ ഡീ മെറിറ്റ് പോയിന്റ്. 

ഏഷ്യാകപ്പിനിടെ അംപയറുടെ തീരുമാനത്തോട് ചൊടിച്ചതില്‍ തനിക്ക് പിഴവ് പറ്റിയതായി ഫെറോസ സമ്മതിച്ചു. റബാബ് അഹ്സാനും റുഖിയ സുല്‍ത്താനയുമായിരുന്നു ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍. ശിവാനി മിശ്ര തേഡും ഷതിറ ജാക്കിര്‍ ഫോര്‍ത്തും അംപയര്‍മാരായിരുന്നു.  ലെവല്‍ ഒന്നില്‍ വരുന്ന പിഴവ് വരുത്തുന്നവര്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയും, രണ്ട് ഡീമെറിറ്റ് പോയിന്‍റുമാണ് പരമാവധി വിധിക്കുക. 24 മാസത്തിനിടെ നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്‍റ് വീണാല്‍ സസ്പെന്‍ഷന്‍ നല്‍കാന്‍ ഐസിസിയില്‍ ചട്ടമുണ്ട്. രണ്ട് ഡീമെറിറ്റ് പോയിന്‍റുകളായാല്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ഏകദിനത്തില്‍ നിന്നോ ഏതാണോ അടുത്ത് ആദ്യം വരുന്നത് അതില്‍ നിന്നും വിലക്ക് നേരിടും. ഇതനുസരിച്ച് ഫെറോസയ്ക്ക് വിലക്കും വരും.

നേരത്തേ ഇന്ത്യയ്ക്കെതിരായ മല്‍സരത്തില്‍ ഓപ്പണര്‍ ഷെഫാലി വര്‍മയെ പുറത്താക്കിയ ശേഷം ഡ്രസിങ് റൂമിലേക്ക് കയറിപ്പോകൂവെന്ന് ആക്ഷന്‍ കാണിച്ചതില്‍ പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്കെതിരെയും ഐസിസി നടപടി വന്നിരുന്നു. 55 റണ്‍സെന്ന നാണംകെട്ട സ്കോറിന് ഇന്ത്യയോട് മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ഓള്‍ഔട്ടായ ശേഷമായിരുന്നു ഈ പ്രകടനം. മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഡീമെറിറ്റ് പോയിന്‍റുമാണ് ഫാത്തിമയ്ക്കും ഐസിസി വിധിച്ചത്. 

ENGLISH SUMMARY:

Pakistan batter Gull Feroza faced disciplinary action from the ICC for breaching Level 1 of the Code of Conduct during a Women's Asia Cup Group A match against Hong Kong. She was fined 10% of her match fee and received one demerit point after aggressively disputing an umpire's LBW decision in the fifth over of the Pakistani innings. This marks her second demerit point within a 24-month period, following a previous infraction against Australia during the T20 World Cup, putting her at risk of an upcoming ban. Feroza admitted to the offense, which comes shortly after Pakistan captain Fatima Sana received an identical penalty for demonstrating poor sportsmanship toward Indian opener Shafali Verma.