2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുമോയെന്ന ചോദ്യത്തിന്, ഇപ്പോള്‍ വ്യക്തത നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. കരിയറിനെക്കുറിച്ചും ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ചും അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് രോഹിത്തിന്റെ പ്രതികരണം. 

'2027 ഒക്ടോബർ ഇനിയും ഏറെ അകലെയാണ്, അതിനെക്കുറിച്ച് നമുക്ക് അപ്പോൾ നോക്കാം'. അടുത്ത ലോകകപ്പില്‍ കളിക്കുമോയെന്ന് സ്വകാര്യ ചടങ്ങിനിടെ കാണികളിലൊരാളുടെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു രോഹിത് ശര്‍മയുടെ മറുപടി. വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മുംബൈയിൽ നടത്തിയ വിജയ റാലി പോലെ, കിരീടം നേടുകയാണെങ്കിൽ ആരാധകർക്കൊപ്പം ആഘോഷിക്കാൻ വീണ്ടും ഒരു ഓപ്പൺ ബസ് പരേഡ് ഉണ്ടാകുമോ എന്നും ചോദ്യമുയര്‍ന്നു. 

ഇനി ഒരു ബസ് പരേഡ് സാധ്യമാകുമെന്ന് കരുതുന്നില്ലെന്നായിരുന്നു അടുത്തവര്‍ഷം നാല്‍പതിലെത്തുന്ന രോഹിതിന്റെ മറുപടി. അടുത്ത ലോകകപ്പ് സൈക്കിളിന് മുന്നോടിയായി സീനിയര്‍ താരത്തെ ഒഴിവാക്കാന്‍ സിലക്ടര്‍മാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ ആ അഭ്യൂഹങ്ങളെ തള്ളിയിരുന്നു.

എല്ലാ മത്സരങ്ങളിലും രോഹിത് മികച്ച രീതിയിലാണ് കളിക്കുന്നതെന്നും ഒടുവിലത്തെ മല്‍സരത്തില്‍ സെഞ്ചുറി നേടിയിരുന്നുവെന്നും പിന്നെ എന്തിനാണ് ഈ അഭ്യൂഹങ്ങളെന്നുമായിരുന്നു ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയുടെ പ്രതികരണം. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027 ലോകകപ്പ് സംഘടിപ്പിക്കുന്നത്.