ലോര്‍ഡ്സില്‍ വച്ച് ഏകദിന രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ രോഹിത് ശര്‍മ തയാറെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വിരമിക്കല്‍ ആവശ്യം സിലക്ടര്‍മാര്‍ മുന്നോട്ട് വച്ചപ്പോള്‍ ദേഷ്യപ്പെട്ട് പൊട്ടിത്തെറിച്ചുവെങ്കിലും രോഹിത് വഴങ്ങിയെന്നും 'എപ്പോഴാണ് ഞാനത് പറയേണ്ടത്' എന്ന് ചോദിച്ചുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'അജിത് അഗാര്‍ക്കറല്ല ആ വിവരം രോഹിതിനോട് പങ്കുവച്ചത്. മറ്റൊരു സിലക്ടറാണ്. ടീമിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ രോഹിത് ശര്‍മ ഒപ്പമുണ്ടാകില്ലെന്ന് വ്യക്തമായി പറഞ്ഞു'വെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 'വിവരമറിഞ്ഞതും ആദ്യം കനത്ത നിശബ്ദതയായിരുന്നു. പിന്നാലെ ദേഷ്യം കൊണ്ട് രോഹിത് പൊട്ടിത്തെറിച്ചു. ഒടുവില്‍ സമ്മതിച്ചു'– അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
പക്ഷേ വിമര്‍ശകരുടെ വായടപ്പിച്ചുള്ള 138 റണ്‍സ് രോഹിത് ശര്‍മ അടിച്ചുകൂട്ടിയതോടെ വിരമിക്കല്‍ ആവശ്യം താല്‍കാലികമായി അടങ്ങി. സെഞ്ചറി നേടിയെങ്കിലും 2027 ലെ ഏകദിന ലോകകപ്പ് ടീമില്‍ രോഹിത്തുണ്ടാകുമോയെന്നതില്‍ ഇപ്പോഴും ഉറപ്പ് പറയാന്‍ ആയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത് ശര്‍മ ബാറ്റിങിനിറങ്ങും മുന്‍പ് തന്നെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സാക്കിയ തള്ളുകയും ചെയ്തിരുന്നു. രോഹിത് ടീമില്‍ തുടരുമെന്ന് പരസ്യ പ്രഖ്യാപനം കൂടി നടത്തിയതോടെ സിലക്ഷന്‍ കമ്മിറ്റി പ്രതിസന്ധിയിലായി. ബിസിസിഐ നടപടിയോടുള്ള വിയോജിപ്പും സിലക്ഷന്‍ കമ്മിറ്റി അറിയിച്ചു.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളാന്‍ ബിസിസിഐ മുംബൈയില്‍ ഇന്ന് യോഗം ചേരും. രോഹിതിന് പുറമെ കോലിയുടെയും രവീന്ദ്ര ജഡേജയുടെയും ഭാവിയില്‍ തീരുമാനം കൈക്കൊള്ളുമെന്നും സമീപകാലത്തെ ടീം ഇന്ത്യയുടെ വിവിധ ഫോര്‍മാറ്റുകളിലെ പരാജയവും വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താരങ്ങളുടെ പരുക്ക് എങ്ങനെ കൈകാര്യം ചെയ്യുമെന്നും ഏകദിന ലോകകപ്പിന് മുന്‍പ് നടപ്പിലാക്കേണ്ട മാറ്റങ്ങളും ചര്‍ച്ചയാകുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.