women-t20-asia-cup-india-crush-thailand-shafali-verma-deepti-sharma

വനിതാ ട്വന്റി-20 ഏഷ്യ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ തായ്‌ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യ വിജയം കുറിച്ചു. ഇന്ത്യ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തായ്‌ലൻഡ് 16.1 ഓവറിൽ വെറും 65 റൺസിന് പുറത്താവുകയായിരുന്നു. ബാറ്റിംഗിൽ ഷഫാലി വർമ്മ നൽകിയ തകർപ്പൻ തുടക്കവും, ബോളിംഗിൽ ദീപ്തി ശർമ്മ, നന്ദനി ശർമ്മ, ശ്രീ ചരണി എന്നിവരുടെ കൃത്യതയാർന്ന പ്രകടനവുമാണ് ഇന്ത്യൻ വിജയത്തിന് വഴിയൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 പന്തിൽ 8 ഫോറുകളും 3 സിക്സറുമടക്കം 64 റൺസ് നേടിയ ഷഫാലി വർമ്മയുടെ മികവിലാണ് മികച്ച സ്കോറിലേക്ക് കുതിച്ചത്. ഒരുഘട്ടത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ പിന്നീട് ബാറ്റിംഗ് തകർച്ച നേരിട്ടു.

137 റൺസെടുക്കുന്നതിനിടെ 9 വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യ ഒടുവിൽ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 159 റൺസെന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു. തായ്‌ലൻഡിനായി സുലീപോൺ ലാവോമി മൂന്ന് വിക്കറ്റും (3/26) സുനിദ ചതുരംഗ് രത്താന രണ്ട് വിക്കറ്റും (2/31) നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ തായ്‌ലൻഡ് ബാറ്റിംഗ് നിരയെ ഇന്ത്യൻ സ്പിന്നർമാർ കടുത്ത സമ്മർദ്ദത്തിലാക്കി. ദീപ്തി ശർമ്മ മൂന്ന് വിക്കറ്റും (3/0) ശ്രീ ചരണി രണ്ട് വിക്കറ്റും (2/10) വീഴ്ത്തിയപ്പോൾ പേസർ നന്ദനി ശർമ്മ നാല് ഓവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

41 റൺസ് നേടിയ നന്നപത് കൊഞ്ചരോൻകായ് മാത്രമാണ് തായ്‌ലൻഡ് നിരയിൽ പിടിച്ചുനിന്നത്. ഗ്രൂപ്പ് എ മത്സരങ്ങളിൽ തകർപ്പൻ വിജയത്തോടെ തുടക്കം കുറിച്ച ഇന്ത്യ വരും മത്സരങ്ങളിലും ഇതേ മികവ് തുടരാമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ENGLISH SUMMARY:

India secured a dominant 94-run victory against Thailand in their Group A match of the Women's T20 Asia Cup on Sunday. Batting first, India posted a competitive total of 159 for 9 in 20 overs, heavily anchored by Shafali Verma's explosive 64 off 36 balls. In response, Thailand's batting lineup crumbled under severe pressure from the Indian bowling attack and were bundled out for just 65 runs in 16.1 overs. Deepti Sharma (3/0), Nandani Sharma (3/18), and Sree Charani (2/10) delivered standout performances with the ball to engineer India's emphatic victory.