arun

സ്വപ്നങ്ങള്‍ക്ക് പ്രായമില്ലെന്ന് പറയാറുണ്ട്. നാല്‍പതാം വയസിലും തന്‍റെ ക്രിക്കറ്റ് സ്വപ്നത്തെ പിന്തുടരുന്ന ഒരാളുണ്ട് കേരള ക്രിക്കറ്റ് ലീഗില്‍. കൊല്ലം സെയിലേഴ്സ് താരം അരുണ്‍ പൗലോസ്. ഒമാന്‍ ദേശീയ ടീമിനുവേണ്ടി കളിച്ച അരുണ്‍ പൗലോസ് കെ.എസി.എല്ലിലെ ഏറ്റവും പ്രായംകൂടിയ താരം കൂടിയാണ്.

ഒരു കൗമാര താരത്തിന്‍റെ ആവേശത്തോടെയും ദാഹത്തോടെയുമാണ് നാല്‍പ്പതാം വയസിലും അരുണ്‍ പൗലോസ് പരിശീലനം നടത്തുന്നത്. ക്രിക്കറ്റ് വെറും സ്വപ്നം മാത്രമായിരുന്നില്ല അരുണിന്. അതിജീവനം തന്നെയായിരുന്നു. അതുകൊണ്ടാണ് കേരളത്തിന്‍റെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് കുറച്ചൂടെ നല്ല സാമ്പത്തിക സാഹചര്യം മോഹിച്ച് അരുണ്‍ ഒമാനിലേക്ക് പറന്നത്. അവിടെ അസ്റൈന്‍ ക്ലബ്ബില്‍ മൂന്ന് വര്‍ഷം കളിച്ചു. തുടര്‍ന്ന് ഒമാന്‍ ദേശീയ ടീമിലേക്ക് വിളിയെത്തി. 2016 ലെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു. അങ്ങനെ രാജ്യാന്തര ക്രിക്കറ്ററാവുകയെന്ന സ്വപ്നം പൂവണിഞ്ഞു. 

2017ല്‍ പ്രവാസം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ അരുണ്‍ ക്രിക്കറ്റ് ഉപേക്ഷിച്ചില്ല. ആഭ്യന്തര മത്സരങ്ങളില്‍ തുടര്‍ന്നു. കേരള ക്രിക്കറ്റ് ലീഗ് തുടങ്ങിയപ്പോള്‍ അതിന്‍റെ ഭാഗമായി. ആദ്യ സീസണില്‍ കൊല്ലത്തിനും കഴിഞ്ഞ സീസണില്‍ തൃശൂരിനായും കളിച്ചു. ഇത്തവണ കൊല്ലം ടീമിലേക്ക് മടങ്ങിയെത്തി. ഒപ്പണിങ് ബാറ്റ്സ്മാനാണ് അരുണ്‍ പൗലോസ്. നീണ്ട 20 വര്‍ഷത്തെ കളിപരിചയമാണ് അരുണിന്‍റെ മൂലധനം. ശോഭനമായൊരു ക്രിക്കറ്റ് ഭാവി സ്വപ്നം കാണുന്ന യുവതലമുറക്ക് വഴികാട്ടാന്‍ അരുണിനെപ്പോലെയുള്ള പരിചയ സമ്പന്നരുടെ കെ.സി.എല്‍ സാന്നിധ്യം വിലയേറിയതാണ്. 

ENGLISH SUMMARY:

Arun Paulo, a 40-year-old cricketer, is chasing his cricket dreams in the Kerala Cricket League. Having played for the Oman national team, Arun Paulo is also the oldest player in the KCL, inspiring younger generations with his dedication and experience.