kcl

TOPICS COVERED

കേരള ക്രിക്കറ്റിന്‍റെയും അതിലുപരി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും ഭാവി വാഗ്ദാനങ്ങളായി ഒരുപിടി കൗമാര താരങ്ങളാണ് ഇത്തവണ കേരള ക്രിക്കറ്റ് ലീഗില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതില്‍ നാല് പേര്‍ കളിക്കുന്നത് തൃശൂര്‍ ടൈറ്റന്‍സിന് വേണ്ടിയാണ്. അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ കളിച്ച മാനവ് കൃഷണയും മുഹമ്മദ് ഇനാനുമുള്‍പ്പെടേ നാലുപേരും തൃശൂരിന്‍റെ ടൈറ്റന്‍സിന്‍റെ ടൈറ്റില്‍ പോരാട്ടത്തിന് കരുത്ത് പകരും. 

ശ്രീലങ്കയില്‍ നടന്ന അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചതിന്‍റെ അനുഭവവുമായാണ് മാനവ് കൃഷ്ണ കേരള ക്രിക്കറ്റ് ലീഗിലേക്കെത്തുന്നത്. അണ്ടര്‍ 19 ആഭ്യന്തര മത്സരങ്ങളിലെ മിന്നും പ്രകടനങ്ങള്‍, തുടര്‍ന്ന് ശ്രീലങ്കക്കെതിരായ യൂത്ത് ടെസ്റ്റിലെ സെഞ്ച്വറി. ആ മികവ് കേരള ക്രിക്കറ്റ് ലീഗിലും തുടര്‍ന്നാല്‍ തിരുവനന്തപുരം സ്വദേശിയായ മാനവ് തൃശൂര്‍ ടൈറ്റന്‍സിന്‍റ ബാറ്റിങ് നെടുംതൂണാകും. 

മാനവിനെപ്പോലെ ദേശീയ അണ്ടര്‍ 19 ടീമില്‍ സാന്നിധ്യമറിയിച്ച താരമാണ് മുഹമ്മദ് ഇനാന്‍. ദുബായില്‍ ഇതിഹാസ താരം സഖ്ലൈന്‍ മുഷ്താഖിന് കീഴില്‍ സ്പിന്നിന്‍റെ ബാലപാഠങ്ങള്‍ പഠിച്ച ഇനാന്‍ നാട്ടിലെത്തി ജൂനിയര്‍ ക്രിക്കറ്റിലൂടെ അതിവേഗം വളര്‍ന്നു. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ അണ്ടര്‍ 19 പരമ്പരകളില്‍ തിളങ്ങിയ ഇനാന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിലും ഇടം പിടിച്ചു. അണ്ടര്‍ 19 കേരള ടീമില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ശ്രദ്ധേയനായ അമയ് മനോജാണ് തൃശൂര്‍ ടൈറ്റന്‍സിന്‍റെ മറ്റൊരു കൗമാര പ്രതിഭ. ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും കഴിവ് തെളിയിച്ച അമയ് ബി.സി.സി.ഐയുടെ സെന്‍ട്രല്‍ ഫോര്‍ എക്സലെന്‍സ് അണ്ടര്‍ 19 ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് തൃപ്പൂണിത്തറ സ്വദേശിയായ കെ.ആര്‍ രോഹിത്. കഴിഞ്ഞ സീസണില്‍ തന്നെ തൃശൂര്‍ ടൈറ്റന്‍സിനായി ലീഗില്‍ അരങ്ങേറ്റം കുറിച്ചു. കളിച്ച ഒരേയൊരു കളിയില്‍ തന്‍റെ മൂല്യം തെളിയിച്ചു.  അതിവേഗം സ്കോര്‍ നേടാനുള്ള രോഹിതിന്‍റെ മികവ് അവസാന ഓവറുകളില്‍ തൃശൂരിന് പുതിയൊരു കൈക്കരുത്താകും.

ENGLISH SUMMARY:

Kerala Cricket League is showcasing promising young cricketers who represent the future of Kerala and Indian cricket. Among the emerging talents, four players are playing for Thrissur Titans, including Manav Krishna and Mohammed Inan, who have experience in the Under-19 Indian team.