kcl-trivandrum-roylas

TOPICS COVERED

  • ബാറ്റിങ്ങിലും ബോളിങിലും സന്തുലിതമായ 16 അംഗ ടീമിനെയാണ് റോയൽസ് ഇത്തവണ അണിനിരത്തുന്നത്

കേരള ക്രിക്കറ്റ് ലീഗില്‍  ട്രിവാൻഡ്രം റോയൽസിന്‍റെ ക്യാപ്റ്റനായി കൃഷ്ണപ്രസാദ് തുടരും. സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റന്‍. ബാറ്റിങ്ങിലും ബോളിങിലും സന്തുലിതമായ 16 അംഗ ടീമിനെയാണ് റോയൽസ് ഇത്തവണ അണിനിരത്തുന്നത്. 

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു  കൃഷ്ണപ്രസാദ്. ഒരു സെഞ്ചുറിയടക്കം 479 റൺസുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച മികവാണ് കൃഷ്ണപ്രസാദിനെ വീണ്ടും നായകപദവിയിലേക്ക് എത്തിച്ചത്. കൃഷ്ണ പ്രസാദിനൊപ്പം ഗോവിന്ദ് ദേവ് പൈ, വി. അജിത്ത് എന്നിവരെയും നിലനിർത്തി. അനുവദിച്ച 50 ലക്ഷം രൂപയും  വിനിയോഗിച്ചാണ് ഇത്തവണ ലേലത്തിൽ ടീം മാനേജ്‌മെന്റ് കരുത്തുറ്റ നിരയെ സ്വന്തമാക്കിയത്. 

വെടിക്കെട്ട് ബാറ്ററും ഐപിഎൽ താരവുമായ വിഷ്ണു വിനോദിനെ ടീമിലെത്തിക്കാൻ കഴിഞ്ഞത് റോയൽസിന്‍റെ ബാറ്റിങ് നിരയ്ക്ക്  കരുത്തേകും.അടുത്തിടെ സമാപിച്ച എൻ.എസ്.കെ. ട്രോഫിയിലടക്കം മികച്ച ഫോമിലായിരുന്ന എം. നിഖിലിനെ 6.20 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിച്ചത്. സിജോമോൻ ജോസഫ്, സി. വി. വിനോദ് കുമാർ എന്നിവരെയും ലേലത്തിൽ സ്വന്തമാക്കി. 

ബൗളിംഗ് നിരയും ശക്തമാണ്. കഴിഞ്ഞ സീസണിൽ ടീമിന്‍റെ കുന്തമുനയായിരുന്ന വി. അജിത്തിനൊപ്പം എൻ.പി. ബേസിൽ , രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവരും കരുത്തുപകരും. ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ മത്സരം. 

ENGLISH SUMMARY:

Krishna Prasad will continue as captain for Trivandrum Royals in the Kerala Cricket League. The team has assembled a balanced 16-member squad for the upcoming season, featuring strong batting and bowling lineups.