ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ മൈതാനത്ത് സഞ്ജു സാംസണനും ഗൗതം ഗംഭീറും തമ്മില്‍ ദീര്‍ഘസംഭാഷണം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി 20യില്‍ സഞ്ജു സാംസണിനെ ഒഴിവാക്കി വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് കോച്ച് ഗൗതം ഗംഭീര്‍ സഞ്ജുവുമായി ഒറ്റയ്ക്ക് സംസാരിച്ചത്. സഞ്ജുവിനെ ബെഞ്ചിലിരുത്താനുള്ള തീരുമാനത്തെ പറ്റി ഗംഭീര്‍ സംസാരിച്ചെന്നും അക്കാര്യം  താരത്തെ ബോധ്യപ്പെടുത്തിയെന്നുമാണ് വിവരം. 

ഗംഭീറിനെ ആശ്ലേഷിച്ച് മൈതാനത്ത് നിന്നും കയറി പോകാനൊരുങ്ങുകയായിരുന്നു സഞ്ജു. കയ്യില്‍ പിടിച്ചു നിര്‍ത്തിയാണ് ഗംഭീര്‍ കാര്യം വിശദീകരിച്ചത്. ടീമിൽ നിന്ന് ഒഴിവാക്കി വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കുന്ന വിവരം ഗംഭീര്‍  സഞ്ജുവിനെ നേരിട്ട് ബോധ്യപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഗംഭീറിന്‍റെ വാക്കുകള്‍ ഭൂരിഭാഗവും തലകുനിച്ചാണ് സഞ്ജു കേട്ടത്. മൂന്നു മല്‍സരങ്ങളിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ടീമില്‍ നിന്നും ഒഴിവാക്കിയ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനത്തില്‍ സഞ്ജുവിന് അതൃപ്തി ഉണ്ടെന്നാണ് സൂചന. ടെലിവിഷന്‍ ക്യാമറകളില്‍ കുടുങ്ങിയ ദൃശ്യത്തിന് ഓഡിയോ ഇല്ല. 

അതേസമയം, മൂന്നു ഇന്നിങ്സുകളിലെ പ്രകടനത്തിന് പുറത്തിരിക്കുമ്പോള്‍ ട്വന്‍റി 20 ലോകകപ്പിലെ പ്രകടനം മാനേജ്മെന്‍റ് മറന്നോ എന്നാണ് ആരാധകരുടെ ചോദ്യം. ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്പികളിലൊരാളാണ് സഞ്ജു. താരത്തിന് ലോകകപ്പ് സമയത്ത് ഗംഭീര്‍ വലിയ പിന്തുണ നല്‍കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്നിങ്സിന് പിന്നാലെ സഞ്ജുവിനെ 'ലോകോത്തര താരം' എന്നാണ് ഗംഭീര്‍ വിശേഷിപ്പിച്ചത്. 

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ആദ്യ മൂന്നു മല്‍സരങ്ങളില്‍ 5, 0, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ സ്കോറുകള്‍. ഇഷാൻ കിഷൻ കീപ്പിംഗ് പൊസിഷന്‍ നിലനിർത്തിയതോടെ ടീമില്‍ സ്പെഷ്യലിസ്റ്റ് ടോപ്പ് ഓർഡർ ബാറ്റർ  എന്നതായി സഞ്ജുവിന്റെ സ്ഥാനം. ഇതും ടീമിന് സെലക്ഷനില്‍ സഞ്ജുവിന് തിരിച്ചടിയായി. 

ENGLISH SUMMARY:

Following the decision to drop Sanju Samson for 15-year-old prodigy Vaibhav Suryavanshi in the second T20I against England, head coach Gautam Gambhir was seen having a lengthy, private conversation with Samson on the field. While the details of the interaction remain private, it is understood that Gambhir was explaining the team management's rationale behind benching the senior player due to his recent poor form (scores of 5, 0, and 1). Despite Samson's crucial role as a key contributor in India's T20 World Cup victory, where Gambhir had publicly praised him as a "world-class player," his recent struggles and the emergence of other options have led to his exclusion. Fans have expressed disappointment over the management's decision, questioning why his recent World Cup performances were not weighed more heavily.