വൈഭവ് സൂര്യവംശി ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ കളിക്കുമോ എന്നതാണ് ചോദ്യം. അയര്‍ലന്‍ഡിനെതിരെ തോറ്റ് നാണംകെട്ട ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ബാറ്റിങ് നിരയില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ബാറ്റിങ് പരാജയപ്പെടുകയും വൈഭവിനെ കളിപ്പിക്കാതിരിക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വൈഭവിനുവേണ്ടി സോഷ്യല്‍ മീഡിയില്‍ വലിയ പ്രചാരണം നടക്കുന്നുണ്ട്. വൈഭവിനെ വലിയ മത്സരങ്ങളിലേക്ക് തള്ളിവിടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പറയുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡാരിൽ കള്ളിനൻ.
വീട്ടിലിരുന്ന് പരീക്ഷകൾക്ക് തയ്യാറെടുക്കുകയോ കൂട്ടുകാരുമൊത്ത് ഗല്ലി ക്രിക്കറ്റ് കളിക്കുകയോ ചെയ്യേണ്ട പ്രായമാണ് വൈഭവിന്. അതിനർത്ഥം അവന്റെ കഴിവുകളെ അവഗണിക്കണം എന്നല്ല. മറിച്ച്, കഴിവുള്ള വ്യക്തിക്ക് വളരാൻ അവസരം നൽകിയാൽ മാത്രമേ കഴിവിനോട് പൂർണ്ണമായി നീതി പുലർത്താൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
വളരുന്ന ഘട്ടത്തില്‍ പല പ്രതിഭകളും ശ്രദ്ധനേടിയിട്ടുണ്ട്. ചിലര്‍ക്ക് മാത്രമെ കഴിവിനോട് പൂർണ്ണമായി നീതി പുലർത്താൻ കഴിഞ്ഞിട്ടുള്ളൂ. ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയിട്ടും പിന്നീട് കരിയർ തകർന്നുപോയ പൃഥ്വി ഷാ ഉദാഹരണമാണ്. എന്നാൽ സൂര്യവംശി ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. അങ്ങനെയാണെങ്കിൽ പോലും, സൂര്യവംശി ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് നിരവധി വെല്ലുവിളികൾ ഉണ്ടാകുമെന്നുറപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ മല്‍സരത്തിലും ഇന്ത്യ ബാറ്റിങ് നിരയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. അയര്‍ലന്‍ഡിനെതിരെ മോശം പ്രകടനം നടത്തിയ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരെ ഉള്‍പ്പെടുത്തിയാകും ഇന്ത്യ ഇറങ്ങുക. പരുക്കില്‍ നിന്നും മോചിതനായ വരുണ്‍ ചക്രവര്‍ത്തി ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഹര്‍ഷദീപ് റാണ, അര്‍ഷദീപ് സിങ്, പ്രിന്‍സ് യാദവ് എന്നിവര്‍ പേസ് നിരയിലും കളിക്കും.
ചെസ്റ്റർ-ലെ-സ്ട്രീറ്റിലെ റിവർസൈഡ് ഗ്രൗണ്ടിൽ പ്രദേശിക സമയം വൈകീട്ട് 5.30 നാണ് മല്‍സരം ആരംഭിക്കു. ഇന്ത്യയില്‍ രാത്രി 10 മണിക്കാണ് കളി തുടങ്ങുക. സോണി ലൈവിലും ജിയോഹോട്ട് സ്റ്റാറിലും മല്‍സരം തല്‍സമയം കാണാം.