ireland-vs-india-t20-live

ഇന്ത്യക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അയർലൻഡിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ്. ഇന്ത്യക്ക് ജയിക്കാൻ 183 റൺസ് വേണം. മൂന്ന് വിക്കറ്റ വീഴ്ത്തിയ പേസർ ഹർഷിത് റാണയുടെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിംഗിന്റെയും അക്സർ പട്ടേലിന്റെയും മികച്ച ബൗളിംഗാണ് അയർലൻഡിനെ വലിയ സ്കോറിലേക്ക് പോകുന്നതിൽ നിന്ന് തടഞ്ഞത്. നാല് മാസത്തെ പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ മികച്ച പ്രകടനമാണ് റാണ കാഴ്ചവെച്ചത്.

ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 30 റൺസ് ചേർക്കുന്നതിനിടെ ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാരെ അവർക്ക് നഷ്ടമായി. ടിം ടെക്ടർ (17), റോസ് അഡയർ (12) എന്നിവരെ ഹർഷിത് റാണ പുറത്താക്കിയപ്പോൾ, ഹാരി ടെക്ടറെ (0) അർഷ്ദീപ് സിംഗ് മടക്കി. പവർപ്ലേയിൽ 36 റൺസ് മാത്രമാണ് ആതിഥേയർക്ക് നേടാനായത്. പിന്നാലെ 15 റൺസെടുത്ത ബെൻ കാലിറ്റ്സിനെ ശിവം ദുബെയും പുറത്താക്കിയതോടെ അയർലൻഡ് 51-ന് 4 എന്ന നിലയിലായി.

തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ലോർക്കൻ ടക്കറും ഗാരെത് ഡെലാനിയും ചേർന്നാണ് അയർലൻഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ടക്കർ 36 പന്തിൽ 50 റൺസ് നേടി. അക്സർ പട്ടേൽ എറിഞ്ഞ 13-ാം ഓവറിൽ രണ്ട് ഫോറും ഒരു സിക്സറുമടക്കം അടിച്ചുകൂട്ടിയ ടക്കർ 35 പന്തിൽ അർധസെഞ്ച്വറി തികച്ചു. എന്നാൽ ഹർഷിത് റാണയുടെ പന്തിൽ തിലക് വർമ്മയ്ക്ക് ക്യാച്ച് നൽകി ടക്കർ മടങ്ങി.

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഗാരെത് ഡെലാനി നടത്തിയ തകർത്തടിയാണ് അയർലൻഡ് സ്കോർ 180 കടത്തിയത്. പ്രസീദ്ധ് കൃഷ്ണ എറിഞ്ഞ 16-ാം ഓവറിൽ ഒരു ഫോറും മൂന്ന് സിക്സറുമടക്കം 27 റൺസാണ് ഡെലാനി അടിച്ചെടുത്തത്. 49 റൺസെടുത്ത ഡെലാനിയെ അർഷ്ദീപ് സിംഗ് പുറത്താക്കിയതോടെയാണ് അയർലൻഡിന്റെ വൻ സ്കോർ മോഹങ്ങൾ പൊലിഞ്ഞത്. ജോർജ്ജ് ഡോക്റെൽ 19 റൺസെടുത്തു.

ഇന്ത്യൻ നിരയിൽ പ്രസീദ്ധ് കൃഷ്ണ 4 ഓവറിൽ 57 റൺസ് വഴങ്ങി നിരാശപ്പെടുത്തി. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റിന് പിന്നിൽ മൂന്ന് ക്യാച്ചുകളും ഒരു റണ്ണൗട്ടും പങ്കാളിയായി തിളങ്ങി. യുവതാരം വൈഭവ് സൂര്യവംശിയുടെ കാത്തിരുന്ന അരങ്ങേറ്റം ഈ മത്സരത്തിൽ ഉണ്ടായില്ല.

അയർലൻഡ്: 20 ഓവറിൽ 182/9 (ലോർക്കൻ ടക്കർ 50, ഗാരെത് ഡെലാനി 49, ഹർഷിത് റാണ 3/24, അർഷ്ദീപ് സിംഗ് 2/28, അക്സർ പട്ടേൽ 2/33)

ENGLISH SUMMARY:

Ireland batted first in their opening T20 match against India after losing the toss, managing to score 182 runs for the loss of nine wickets. Harshit Rana's three wickets, supported by Arshdeep Singh and Axar Patel with two wickets each, were crucial in restricting Ireland's score.