jiss-joy-aathi-high-court-rejectionrejection

സാമ്പത്തിക തട്ടിപ്പുകേസിൽ സിനിമാ സംവിധായകൻ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും ഹൈക്കോടതിയിൽ തിരിച്ചടി. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറല്ലെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചതോടെയാണ് ഹർജി തള്ളിയത്.

'ഇൻസോംനിയ' എന്ന പരിപാടി സംഘടിപ്പിക്കുന്നതിലേക്ക് ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് ജിസ് ജോയിയെയും ആദിയെയും പ്രതിചേർത്ത് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പിള്ളിയാണ് പരാതിക്കാരൻ. പരിപാടിയിൽ പണം നിക്ഷേപിച്ചാൽ, മുടക്കുമുതലിന് പുറമെ ലാഭത്തിന്റെ മൂന്നിലൊന്ന് നൽകാമെന്ന് പ്രതികൾ വാഗ്ദാനം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ, വാഗ്ദാനം ചെയ്ത പ്രകാരം ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചില്ല. ഇതേത്തുടർന്നാണ് ബെന്നി പൊലീസിൽ പരാതി നൽകിയത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിസ് ജോയിയും ആദിയും ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിക്കുന്നതിനിടെ, കേസ് ഒത്തുതീർപ്പാക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് പരാതിക്കാരനായ ബെന്നി വാഴപ്പിള്ളി കോടതിയെ അറിയിച്ചു. പരാതിക്കാരന്റെ ഈ നിലപാട് പരിഗണിച്ച കോടതി, കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുകയും പ്രതികളുടെ ഹർജി തള്ളുകയുമായിരുന്നു.