മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെന്നുമായുള്ള തന്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ച് ഉയർന്ന ‘ഗോൾഡ് ഡിഗ്ഗർ’ ആരോപണങ്ങൾക്ക് മറുപടിയുമായി ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി രംഗത്ത്. 2022-ൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവന്നപ്പോൾ ശതകോടീശ്വരനായ ലളിത് മോദിയുടെ പണം കണ്ടാണ് സുസ്മിത ഈ ബന്ധത്തിന് മുതിർന്നതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. 

എന്നാൽ ഇപ്പോഴിതാ, ‘ഹ്യൂമൻസ് ഓഫ് ബോംബെ’ പോഡ്കാസ്റ്റിലൂടെ ഈ ആരോപണങ്ങളെല്ലാം പൂര്‍ണമായി തള്ളിയിരിക്കുകയാണ്  ലളിത് മോദി. സുസ്മിത സ്വന്തം അധ്വാനം കൊണ്ട് വളർന്നുവന്ന വലിയ സമ്പന്നയായ സ്ത്രീയാണ്, ഈ ഭൂമിയിൽ എനിക്കറിയാവുന്ന മറ്റാരെക്കാളും കൂടുതൽ വജ്രങ്ങൾ അവളുടെ പക്കലുണ്ട്. തങ്ങൾ ഒരുമിച്ച് പുറത്തുപോയപ്പോഴൊക്കെ സുസ്മിതയാണ് പണം നൽകിയിരുന്നത്, അപ്പോഴൊന്നും എനിക്ക് ഒന്നിനും പണം നൽകേണ്ടി വന്നിട്ടില്ല. അവളാണ് എല്ലാത്തിനും പണം നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

താൻ ഒരു ‘കെപ്റ്റ് ബോയ്ഫ്രണ്ട്’ അതായത് ‘മറ്റൊരാളുടെ ചെലവിൽ കഴിയുന്ന കാമുകനെ’ പോലെയായിരുന്നുവെന്നും, സുസ്മിത ഒരിക്കലും ഒരു ഗോൾഡ് ഡിഗ്ഗർ അല്ലായിരുന്നെന്നും, വേണമെങ്കിൽ തന്നെ ഒരു ‘ഡയമണ്ട് ഡിഗ്ഗർ’ അഥവാ വജ്രം തേടിയവൻ എന്ന് വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനയാത്രയ്ക്കിടയിലെ ഒരു തർക്കത്തിനൊടുവിൽ സുസ്മിതയുടെ തൊട്ടുമുന്നിൽ വെച്ചാണ് താൻ ആ പ്രണയചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം ഓർത്തെടുത്തു. 

ദൂരക്കൂടുതൽ കാരണം പിന്നീട് വേർപിരിഞ്ഞെങ്കിലും തങ്ങൾക്കിടയിലുണ്ടായിരുന്നത് മനോഹരമായ ഒരു ബന്ധമായിരുന്നുവെന്നും, രണ്ട് മക്കളുടെ സിംഗിൾ മദർ കൂടിയായ സുസ്മിതയോട് തനിക്ക് എന്നും ബഹുമാനവും നല്ല ഓർമ്മകളും മാത്രമാണുള്ളതെന്നും ലളിത് മോദി വ്യക്തമാക്കി.

2022ലാണ് മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെന്നുമായി താൻ പ്രണയത്തിലാണെന്ന് ലളിത് മോദി സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്. ഒരു അവധിക്കാല യാത്രയിൽ നിന്നുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു പോസ്റ്റ്. മാത്രമല്ല, തന്റെ ഇൻസ്റ്റഗ്രാം ബയോ മാറ്റുകയും സുസ്മിതയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിനൊപ്പം ‘മൈ ലവ്’ എന്ന് ചേർക്കുകയും ചെയ്തു. എന്നാൽ അധികനാൾ ഈ ബന്ധം നീണ്ടുനിന്നില്ല. വൈകാതെ ലളിത് മോദിയും സുസ്മിത സെന്നും വേർപിരിഞ്ഞെന്ന റിപ്പോർട്ട് പ്രചരിക്കാൻ തുടങ്ങി. ലളിത് മോദി അക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ലെങ്കിലും, നടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തന്റെ സമൂഹമാധ്യമ പേജിൽനിന്നു നീക്കം ചെയ്തു.  

ENGLISH SUMMARY:

Lalit Modi defends ex-girlfriend Sushmita Sen against 'gold digger' trolls, revealing she paid for all their dates and that she is a self-made, wealthy woman.