അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ വലിയ തുക നല്‍കി സ്വന്തമാക്കി എആര്‍സിഎസ് അന്ധേരി ടീം. ഐപിഎല്ലില്‍ അവസരം ലഭിക്കാത്ത അര്‍ജുനെ പത്ത് ലക്ഷം രൂപ നല്‍കിയാണ് ടീം സ്വന്തമാക്കിയത്. അര്‍ജുന് നിലവിലുള്ള അടിസ്ഥാന വിലയായ രണ്ട് ലക്ഷം രൂപയേക്കാള്‍ 400 ശതമാനം കൂട്ടിയാണ് അന്ധേരി സ്വന്തമാക്കിയത്.
മുംബൈയിൽ നിന്ന് മാറിയ ശേഷം കഴിഞ്ഞ കുറച്ച് സീസണുകളായി അർജുൻ ഗോവയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. അതേസമയം തന്നെ കഴിഞ്ഞ 12 മാസത്തിനിടെ മറ്റു സംസ്ഥാന ലീഗുകളിലൊന്നും കളിക്കാത്തതിനാലാണ് മുംബൈ ലീഗില്‍ കളിക്കാന്‍ അര്‍ജുന് ബിസിസിഐ അനുമതി നല്‍കിയത്. അമിത ജോലിഭാരം ഒഴിവാക്കാനായി ഐപിഎല്ലിന് പുറമെ മറ്റൊരു ഔദ്യോഗിക ക്രിക്കറ്റ് ലീഗില്‍ മാത്രമേ താരങ്ങള്‍ കളിക്കാന്‍ പാടുള്ളൂവെന്നാണ് ബിസിസിഐ നിബന്ധന.
മുംബൈ ഇന്ത്യന്‍സിനു ശേഷം താരം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പരിശീലകരുമായും മുതിര്‍ന്ന താരങ്ങളുമായും തന്റെ കഴിവ് മെച്ചപ്പെടുത്താനായി പരിശീലനം നടത്തിവരികയായിരുന്നു അര്‍ജുന്‍. ഗോവയ്ക്ക് വേണ്ടി കളിച്ച ആഭ്യന്തര ക്രിക്കറ്റിൽ ഓൾറൗണ്ട് മികവ് പ്രകടിപ്പിച്ച താരം ഐപിഎല്ലിലെ കടുത്ത സമ്മർദ്ദമുള്ള അന്തരീക്ഷത്തെ നേരിടാനും താൻ സജ്ജനാണെന്ന സൂചനയാണ് നൽകുന്നത്.