nandini-sharma-harmanpreet-kaur

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ജൂൺ 12-ന് ആരംഭിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റൻ. പുതുമുഖ താരം നന്ദിനി ശർമ, വിക്കറ്റ് കീപ്പർ ബാറ്റർ യസ്തിക ഭാട്ടിയ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിക്കുമൂലം ഓൾറൗണ്ടർ അമൻജ്യോത് കൗറിന് സ്ഥാനം നഷ്ടമായപ്പോൾ, മോശം ഫോമിനെത്തുടർന്ന് പ്രതിക റാവലിനെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ, ജൂലൈ 10 മുതൽ 13 വരെ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏക ടെസ്റ്റിനുള്ള ടീമിൽ പ്രതിക ഇടംപിടിച്ചിട്ടുണ്ട്.

വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനം കാഴ്ചവെച്ച മീഡിയം പേസറാണ് നന്ദിനി ശർമ. ഡബ്ല്യു.പി.എല്ലിൽ (WPL) ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ പേസ് ബോളറായ താരം പത്ത് മത്സരങ്ങളിൽ നിന്നായി 17 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ബാങ്കോക്കിൽ നടന്ന വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിലും നന്ദിനി കളിച്ചിരുന്നു.

ലോകകപ്പിന് മുന്നോടിയായി മെയ് 28-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇതേ ടീം തന്നെയാകും കളിക്കുക.

ENGLISH SUMMARY:

The Indian women's T20 World Cup squad has been announced for the tournament starting on June 12th in England and Wales, featuring new talent Nandini Sharma and wicket-keeper batter Yastika Bhatia. Pratika Rawal has been excluded, while all-rounder Amanjyot Kaur missed out due to injury, with Harmanpreet Kaur captaining the side.