ഏകദിന ടീമിലേക്ക് സഞ്ജു സാംസണെ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലിന് ശേഷം വരുന്ന ടൂര്‍ണമെന്‍റുകളിലേക്ക് രണ്ടാം വിക്കറ്റ് കീപ്പറായി, ഋഷഭ് പന്തിന് പകരക്കാരനായാണ് സഞ്ജു പരിഗണനയിലുള്ളത്. ഐപിഎല്ലിലെ ഫോം പരിഗണിച്ചാണ് സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിന് അവസരം നല്‍കാന്‍ ഒരുങ്ങുന്നത്. ടീമിലെത്തുകയാണെങ്കില്‍ രണ്ടര വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവാകുമിത്.
2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ബിസിസിഐ ടീമിനെ ഒരുക്കുന്നത്. ഇതിന് മുന്നോടിയായി അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റ്ഇൻഡീസ് എന്നിവർക്കെതിരെ ഇന്ത്യ ഏകദിന പരമ്പരകൾ കളിക്കും. ഈ ടീമുകളിലേക്കാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. ഇഷാൻ കിഷൻ, ധ്രുവ് ജുറൽ എന്നിവരും പരിഗണനയിലുണ്ടെങ്കിലും നിലവിലെ പ്രകടനം വെച്ച് സഞ്ജുവിനാണ് കൂടുതൽ മുൻഗണന നൽകുന്നതെന്ന് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലില്‍ മോശം ഫോമാണ് പന്തിന് പകരക്കാരനെ തിരയാന്‍ ബിസിസിഐയെ നിര്‍ബന്ധിപ്പിച്ചത്. പന്ത് നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാണെങ്കിലും 2024 ഓഗസ്റ്റിന് ശേഷം ഒരു മത്സരം പോലും കളിച്ചിട്ടില്ല. കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍. 2023 ഡിസംബറിന് ശേഷം ഇതുവരെ സഞ്ജുവും ഏകദിനത്തില്‍ കളിച്ചിട്ടില്ല.
2018 ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച പന്ത് 31 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 33.50 ശരാശരിയില്‍ 871 റണ്‍സാണ് ആകെ നേടിയത്. 106.21 ആണ് സ്ട്രൈക്ക് റേറ്റ്. ഒരു സെഞ്ചറിയും അഞ്ച് അര്‍ധ സെഞ്ചറിയും നേടിയ പന്തിന്‍റെ ഉയര്‍ന്ന സ്കോര്‍ 2022 ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 125 റണ്‍സാണ്.
16 ഏകദിനങ്ങള്‍ കളിച്ച സഞ്ജു, 510 റണ്‍സ് നേടിയിട്ടുണ്ട്. 56.67 ആണ് ശരാശരി. 99.60 സ്ട്രൈക്ക് റേറ്റ്. മൂന്നു അര്‍ധ സെഞ്ചറിയും ഒരു സെഞ്ചറിയും സഞ്ജു നേടിയിട്ടുണ്ട്. 2023 ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു സെഞ്ചറി (108). ഐപിഎല്ലില്‍ രണ്ടു സെഞ്ചറിയടക്കം 8 മത്സരങ്ങളില്‍ നിന്നും 304 റണ്‍സാണ് സഞ്ജു ഈ സീസണില്‍ നേടിയത്. 169 ആണ് സ്ട്രൈക്ക് റേറ്റ്. എട്ടു മത്സരങ്ങള്‍ കളിച്ച പന്ത് 189 റണ്‍സ് മാത്രമാണ് നേടിയത്.
മൂന്നു മത്സരങ്ങളുള്ള അഫ്ഗാനിസ്ഥാന്‍റെ ഇന്ത്യ പര്യടനമാണ് ഐപിഎല്ലിന് ശേഷമുള്ള മത്സരങ്ങള്‍. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാല്‍ സഞ്ജു പരമ്പരയില്‍ കളിക്കാന്‍ സാധ്യതയുണ്ട്.