Image Credit : https://x.com/Loyalsachfan10
ക്രിക്കറ്റിലെ ദൈവം എന്നാണ് സച്ചിൻ തെൻഡുൽക്കർ അറിയപ്പെടുന്നത്. ക്രിക്കറ്റിലെ മാസ്മരിക പ്രകടത്തിലൂടെ മാത്രമല്ല പെരുമാറ്റം കൊണ്ടും ലാളിത്യം കൊണ്ടും വലിയ ആരാധകവൃന്ദത്തേയും താരം ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സച്ചിന്റെ ലാളിത്യം ഒരിക്കൽകൂടി വെളിവാക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.
വിശാഖപട്ടണത്ത് നടന്ന ആന്ധ്ര സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ചടങ്ങില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സച്ചിന് വെങ്കിടേശ്വര സ്വാമിയുടെ ഒരു വിഗ്രഹം ഉപഹാരമായി സമ്മാനിച്ചു. എന്നാല്‍ ആ സമ്മാനം സ്വീകരിക്കും മുന്‍പ് സച്ചിന്‍ ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന് കയ്യടി നേടിക്കൊടുക്കുന്നത്.
വിഗ്രഹം സ്വീകരിക്കുന്നതിന് മുന്‍പായി സച്ചിന്‍ തന്‍റെ കാലിലെ ഷൂസുകള്‍ അഴിച്ചുമാറ്റുന്നകും വിഗ്രഹത്തെ ഭക്തിയോടെ വണങ്ങുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായി. സച്ചിന്‍റെ മര്യാദയെയും വിനയത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.