ബംഗ്ലാദേശിന്‍റെ വിജയശില്‍പി തൗഹീദ് ഹൃദോയ്‌യുടെ ബാറ്റിങ്
കാറ്റിനെ ക്ലാര്‍ക്കിന്‍റെയും ഡെയ്ന്‍ ക്ലീവറിന്‍റെയും അര്‍ധസെഞ്ചറികള്‍ വിഫലമായി. ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ന്യൂസീലാന്‍ഡിന് 6 വിക്കറ്റ് തോല്‍വി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 20 ഓവറില്‍ 6 വിക്കറ്റിന് 182 റണ്‍സെടുത്തു. മുന്‍നിര മിന്നിയതോടെ ലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിന് അധികം അധ്വാനിക്കേണ്ടിവന്നില്ല. രണ്ടോവര്‍ ബാക്കിനില്‍ക്കേ അവര്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. ഇതോടെ മൂന്നുമല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.
ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് പുറത്തായപ്പോള്‍
അര്‍ധസെഞ്ചറി നേടിയ തൗഹീദ് ഹൃദോയ് ആണ് ബംഗ്ലാദേശ് വിജയത്തിന്‍റെ അമരക്കാരന്‍. ഹൃദോയ് 27 പന്തില്‍ 3 സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 51 റണ്‍സ് എടുത്തു. ഓപ്പണര്‍മാരായ സെയ്ഫ് ഹസനും തന്‍സീദ് ഹസനും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 41 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 17 റണ്‍സെടുത്ത സെയ്ഫിനെ നേഥന്‍ സ്മിത്ത് ജേക്കബ്സിന്‍റെ കൈകളിലെത്തിച്ചു. പകരമെത്തിയ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് 15 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ ഓപ്പണര്‍ തന്‍സീദ് ഹസനും മടങ്ങി. 25 പന്തില്‍ 20 റണ്‍സായിരുന്നു തന്‍സീദിന്‍റെ സമ്പാദ്യം.
തുടര്‍ന്നെത്തിയ തൗഹീദ്, നാലാംവിക്കറ്റില്‍ പര്‍വേസ് ഹുസൈന്‍ ഇമോനൊപ്പം 57 റണ്‍സും അഞ്ചാം വിക്കറ്റില്‍ ഷമീം ഹുസൈനൊപ്പം 49 റണ്‍സും കൂട്ടിച്ചേര്‍ത്തു. 51 റണ്‍സെടുത്ത തൗഹീദും 13 പന്തില്‍ 31 റണ്‍സെടുത്ത ഷമീമും പുറത്താകാതെ നിന്നു. വിക്കറ്റ് കിട്ടിയില്ലെങ്കിലും നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ ബെന്‍ ലിസ്റ്ററാണ് കിവീസ് ബോളര്‍മാരില്‍ തിളങ്ങിയത്. ഇഷ് സോധി നാലോവറില്‍ 40 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു. ജോഷ് ക്ലാര്‍ക്സണ്‍ ഒരുവിക്കറ്റ് വീഴ്ത്തി.
കിവീസിനുവേണ്ടി അര്‍ധസെഞ്ചറി നേടിയ കാറ്റിനെ ക്ലാര്‍ക്കിന്‍റെ ബാറ്റിങ്
ടോസ് നേടിയ ബംഗ്ലാദേശ് ന്യൂസീലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാംഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ടിം റോബിന്‍സണെ റണ്ണൗട്ടാക്കി തൗഹീദ് ആതിഥേയര്‍ക്ക് പ്രതീക്ഷ പകര്‍ന്നു. എന്നാല്‍ രണ്ടാംവിക്കറ്റില്‍ കാറ്റിനെ ക്ലാര്‍ക്കും ഡെയ്ന്‍ ക്ലീവറും ചേര്‍ന്ന് 88 റണ്‍സ് കൂട്ടിചേര്‍ത്തതോടെ കിവീസ് മികച്ച സ്കോറിലെത്തുമെന്ന് തോന്നിച്ചു. നാലാമനായിറങ്ങിയ നിക്ക് കെല്ലിയും ആക്രമിച്ച് കളിച്ചു. എന്നാല്‍ റിഷാദ് ഹുസൈന്‍റെയും മെഹ്ദി ഹസന്‍റെയും ബോളിങ് മികവില്‍ ബംഗ്ലാദേശ് കളി തിരിച്ചുപിടിച്ചു. ക്ലാര്‍ക്കും ക്ലീവറും 51 റണ്‍സ് വീതം നേടി. കെല്ലി 39 റണ്‍സെടുത്തു. ക്ലാര്‍ക്സണ്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.
ബുധനാഴ്ച ചിറ്റഗോങില്‍ തന്നെയാണ് രണ്ടാം ട്വന്‍റി ട്വന്‍റി. നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് 2–1ന് ജയിച്ചിരുന്നു.
ന്യൂസീലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥമും ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസും