bangladesh-board

ട്വന്‍റി 20 ലോകകപ്പ് ബഹിഷ്കരിച്ചതില്‍ ബംഗ്ലദേശിന് കനത്ത കുറ്റബോധമുണ്ടെന്ന് വെളിവാക്കി മുന്‍ താരത്തിന്‍റെ തുറന്ന് പറച്ചില്‍. 'ആന്റി ഇന്ത്യ ട്രാപ്പില്‍' ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വീണുപോയെന്നും അത് കളിക്കാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും എസിസി മുന്‍ സിഇഒ അഷ്റഫുള്‍ ഹഖ് പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇന്ത്യാവിരുദ്ധ വികാരം ബംഗ്ലദേശില്‍ നസ്റുള്‍ ഉണ്ടാക്കിയെടുത്തുവെന്നും അമിനുള്‍ ഇസ്​ലാം ആ കെണിയില്‍ പോയി വീണുവെന്നും ഹഖ് പറയുന്നു.

'അമിനുള്‍ ഇസ്‍ലാം ബുള്‍ബുള്‍ ആ കെണിയിലേക്ക് പോയി വീണത് കണ്ട് ഞാന്‍ അമ്പരന്ന് പോയി. നമ്മള്‍ ഇന്ത്യയിലേക്ക് പോകുന്നില്ലെന്ന് ആസിഫ് നസ്റുള്‍ പറഞ്ഞതും ബുള്‍ബുള്‍ അതേറ്റ് പിടിച്ചു. ഇന്ത്യയിലേക്ക് ബംഗ്ലദേശ് ടീം പോകുന്നില്ലെന്ന് അദ്ദേഹം അതേപോലെ ആവര്‍ത്തിക്കുകയാണ് ചെയ്തത്. അവിടെ പിഴച്ചു. ഉറച്ച നിലപാട് ബുള്‍ബുള്‍ അപ്പോള്‍ എടുക്കണമായിരുന്നു. ടീം ഇന്ത്യയിലേക്ക് കളിക്കാന്‍ പോകും, കളിക്കാര്‍ തയാറെടുത്തിരിക്കുകയാണ്. അവര്‍ക്ക് ആഗ്രഹമുണ്ട്. സംഘാടകരുമായി നമ്മള്‍ അത് സംബന്ധിച്ച് കരാറും ഒപ്പിട്ടിട്ടുണ്ട് എന്ന് പറയാനുള്ള ആര്‍ജവം ബുള്‍ബുള്‍ കാണിക്കണമായിരുന്നു'- അഷ്റഫുള്‍ പറയുന്നു.

ട്വന്‍റി 20 ടൂര്‍ണമെന്‍റ് ഉപേക്ഷിക്കാനുള്ള തീരുമാനം ബംഗ്ലദേശ് ക്രിക്കറ്റിന് വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് ഉറച്ച നിലപാടെടുത്തിരുന്നുവെങ്കില്‍ സര്‍ക്കാര്‍ അയഞ്ഞേനെ. ദൗര്‍ഭാഗ്യവശാല്‍ നസ്റുള്‍ എടുത്ത തീരുമാനം മറ്റുള്ളവര്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി എന്നും അഷ്റഫുള്‍ വിശദീകരിച്ചു. 

സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യയിലേക്ക് ട്വന്‍റി 20 ലോകകപ്പിന് ബംഗ്ലദേശ് യാത്ര ചെയ്യുന്നില്ലെന്നായിരുന്നു നസ്റുളിന്‍റെ ആദ്യവാദം. വലിയ വിവാദമായതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന് ടീം അംഗങ്ങളും കോച്ചുമാരും ചേര്‍ന്ന് തീരുമാനിച്ചുവെന്നായിരുന്നു പിന്നീട് വിശദീകരിച്ചത്. എന്നാല്‍ ഇതിനെ താരങ്ങള്‍ തള്ളിയിരുന്നു. ലോകകപ്പ് നഷ്ടമാകുന്നതില്‍ വേദനയുണ്ടെന്നായിരുന്നു താരങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഐപിഎല്‍ മിനി ലേലത്തില്‍ മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത എടുത്തതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇന്ത്യ–ബംഗ്ലദേശ് ബന്ധം ഉലഞ്ഞിരിക്കവേ മുസ്തഫിസുറിനെ ഐപിഎലില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് കരാര്‍ കൊല്‍ക്കത്ത റദ്ദാക്കുകയും ചെയ്തു. ഇതാണ് ബംഗ്ലദേശിനെ ചൊടിപ്പിച്ചത്. ഇന്ത്യയില്‍ കളിക്കാനെത്തില്ലെന്നും ബംഗ്ലദേശിന്‍റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമായിരുന്നു ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം. എന്നാല്‍ ഐസിസി ഈ ആവശ്യം തള്ളിയതോടെ ബംഗ്ലദേശ് ട്വന്‍റി 20 ലോകകപ്പ് രാജിവയ്ക്കുകയായിരുന്നു. ട്വന്‍റി 20 ലോകകപ്പിന്‍റെ മല്‍സര ക്രമങ്ങള്‍, വേദികള്‍ തുടങ്ങിയവ ഐസിസി മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും അതില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഐസിസി ബിസിബിയുടെ ആവശ്യം തള്ളിയത്. തുടര്‍ന്ന് ബിസിബി ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുകയായിരുന്നു. 

ENGLISH SUMMARY:

Former ACC CEO Ashraful Huq has criticized the Bangladesh Cricket Board (BCB) for its decision to boycott the T20 World Cup in India, calling it a strategic blunder. Huq claimed that the board fell into a politically motivated "Anti-India trap" set by figures like Asif Nazrul, which ultimately harmed the players' careers. Despite players expressing their desire to participate, the BCB opted out after the ICC rejected their demand to shift matches to Sri Lanka. The tension escalated after Mustafizur Rahman's IPL contract with KKR was cancelled following diplomatic friction. Huq emphasized that the board should have taken a firm stand to protect the interests of the sport rather than yielding to political pressure. This boycott marks a significant setback for Bangladesh's standing in international cricket.