ജര്‍മന്‍ ഇന്‍ഫ്ലുവന്‍സറായ ലിസ്‌ലാസിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലൈക്കിട്ട വിരാട് കോലിയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ കത്തിച്ചത്. ലൗ റിയാക്ഷന്‍ വന്നതിന് പിന്നാലെ കോലി അത് നീക്കം ചെയ്തിരുന്നു. പക്ഷെ ഒറ്റ റിയാക്ഷന്‍ കൊണ്ട് ലിസ്‍ലാസ് ഇന്ത്യയിലൊട്ടാകെ താരമായി. കോലിയുടെ റിയാക്ഷനില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലിസ്‍ലാസ്.
രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ ഇത് വാര്‍ത്തയായിരുന്നു. എപ്പോഴാണ് കോലി ചിത്രം ലൈക്ക് ചെയ്തതെന്ന് അറിയില്ല. ലൈക്കിട്ട കാര്യം അറിയുന്നത് വാര്‍ത്തയിലൂടെയാണ്. പലരും ഇത് വാര്‍ത്തകള്‍ അയച്ചു തന്നു എന്നും ലിസ്‍ലാസ് പറഞ്ഞു. കോലി അണ്‍ലൈക്ക് ചെയ്തതോടെ സഹതാപത്തേക്കാള്‍ നിരാശയാണ് തോന്നിയതെന്നും ലിസ്‍ലാസ് പറയുന്നു.
'സത്യത്തിൽ അദ്ദേഹത്തോട് വിഷമം തോന്നി. അദ്ദേഹം ആ ചിത്രം ലൈക്ക് ചെയ്തതിൽ എനിക്ക് സന്തോഷമായിരുന്നു. പക്ഷേ അദ്ദേഹം 'അൺലൈക്ക്' ചെയ്തപ്പോൾ എനിക്ക് അദ്ദേഹത്തോട് അല്പം നീരസം തോന്നി. ഇത് എങ്ങനെയാണ് ഇത്ര വലിയൊരു വാർത്തയായി മാറിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല' അവർ ദേശിയ മാധ്യമത്തോട് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ലിസ്‍ലസിന്‍റെ പഴയ അഭിമുഖം പ്രചരിക്കുന്നുണ്ട്. ഇതില്‍ കോലിയുടെ ആരാധികയാണെന്ന് ലിസ്‍ലാസ് പറയുന്നുണ്ട്.
സുഹൃത്തുക്കള്‍ ബെംഗളൂരുവിലുണ്ടെന്നും അവരെ കാണാനാണ് ബെംഗളൂരുവിലെത്തിയതെന്നും ലിസ്‍ലസ പറയുന്നു. 'രണ്ടാഴ്ച താമസിച്ച് മടങ്ങാനായിരുന്നു പദ്ധതി, പക്ഷേ മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വിട്ടത്. ദക്ഷിണേന്ത്യയില്‍ ഗോവ, മൈസൂര്‍, കൂര്‍ഗ്, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നി നഗരങ്ങളില്‍ യാത്ര ചെയ്തു. ഈ യാത്രയിലാണ് ക്രിക്കറ്റിനെ പറ്റി പരിചയപ്പെടുന്നത്' ലിസ്‍ലാസ് പറഞ്ഞു. ഈ യാത്രയിലാണ് ലിസ്‍ലാസ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ആര്‍സിബിയുടെ മത്സരങ്ങള്‍ കണ്ടെന്നും വിരാട് കോലിയുടെ ആരാധികയായെന്നും അവര്‍ പഴയ അഭിമുഖത്തില്‍ പറയുന്നുണ്ട്.