വിക്കറ്റില്ലാത്ത ബുമ്ര, ഐപിഎല്ലില്‍ മോശം അവസ്ഥയിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് താരം കടന്നു പോകുന്നത്. ലോകോത്തര ബാറ്റ്സ്മാന്മാരെ വിറപ്പിച്ച ബുമ്ര ഐപിഎല്ലിലെ അഞ്ചു മത്സരങ്ങളില്‍ നിന്നും 164 റണ്‍സാണ് വഴങ്ങിയത്. ഈ സീസണില്‍ ഇതുവരെ വിക്കറ്റ് നേടാനും താരത്തിന് ആയില്ല. മൈതാനത്ത് പൊതുവെ ശാന്തനായി കാണുന്ന ബുമ്ര ചൂടായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മത്സരത്തിനിടെ ബുമ്ര രോഷത്തോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പന്തെറിഞ്ഞ ശേഷം തിരികെ വരുന്ന ബുമ്ര ദേഷ്യത്തോടെ റൺ-അപ്പ് മാർക്കർ വലിച്ചെറിയുകയും ചവിട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ബുമ്ര തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നാലോവറില്‍ 41 റണ്‍സാണ് താരം വഴങ്ങിയത്.
ബുമ്രയുടെ ഐപിഎല്‍ കരിയറിലെ മോശം പ്രകടനമാണ് ഇത്തവണത്തേത്. പവര്‍പ്ലേയില്‍ 8, മധ്യ ഓവറുകളില്‍ 8.68, ഡെത്ത് ഓവറുകളില്‍ 9.5 എന്നിങ്ങനെയാണ് ബുമ്രയുടെ ഇക്കോണമി. യോര്‍ക്കര്‍, ഓഫ് കട്ടര്‍ ബോളുകളെറിഞ്ഞ് മുന്‍ സീസണുകളില്‍ 60 ശതമാനം വിക്കറ്റ് നേടിയ ബുമ്ര ഇത്തവണ സ്ലോബോളുകളാണ് കൂടുതല്‍ പരീക്ഷിച്ചത്. ഇത് ബുമ്രയുടെ പ്രകടനം മോശമാകാനുള്ള കാരണമാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.
സ്ലോ ബോളുകള്‍ അമിതമായി ഉപയോഗിക്കുന്നതാണ് താരത്തിന് വിനയാകുന്നത് എന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. 'ബുമ്രയില്‍ നിന്നും വിക്കറ്റ് വരേണ്ടത് പ്രധാനമാണ്. അദ്ദേഹത്തിന്‍റെ ഫോമില്‍ പ്രശ്നങ്ങളില്ല. പക്ഷേ, ബുമ്രയുടെ പന്തിന്‍റെ ശരാശരി വേഗത 130 kmph ആണ്. ഫാസ്റ്റ് ഡെലിവറികളുടെ എണ്ണം കൂട്ടുകയും സ്ലോവർ ബോളുകളുടെ ശതമാനം കുറയ്ക്കുകയും ചെയ്താതാല്‍ ഫലം ഉണ്ടാകും' എന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്.