ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍താരമായി മാറിയ സഞ്ജുവില്‍ താന്‍ കണ്ടെത്തിയ പ്രശ്നത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം യുവ്രാജ് സിങ്. സഞ്ജു റണ്‍സടിക്കുന്നോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നമെന്നും അതിനു മുന്‍പ് ശരിയാക്കേണ്ടതായ കാര്യമുണ്ടെന്നുമാണ് യുവ്രാജ് സിങ് പറയുന്നത്. 2024ല്‍ ഇന്ത്യ ബാര്‍ബഡോസില്‍ ട്വന്‍റി20 ലോകകപ്പ് ജേതാക്കളായ സമയം മുതലാണ് താന്‍ സഞ്ജുവുമായി സംസാരിക്കാന്‍ തുടങ്ങിയതെന്നും അക്കാലത്ത് പ്ലേയിങ് ഇലവനില്‍ നിന്ന് പൂര്‍ണമായും പുറത്തായ സ്ഥിതിയിലായിരുന്നു സഞ്ജുവെന്നും യുവ്രാജ് സിങ് സ്പോര്‍ട്സ് തകിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'രണ്ട് മൂന്ന് ഐപിഎല്‍ സീസണില്‍ ഞാന്‍ സഞ്ജുവിനെ നിരീക്ഷിച്ചു. സഞ്ജുവിന് സമയമുള്ളപ്പോള്‍ സംസാരിക്കാമെന്നും പറഞ്ഞു. ഫുട്വര്‍ക്ക് മെച്ചപ്പെടുത്തുക എന്ന അടിസ്ഥാന പാഠമായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. ഫുട്വര്‍ക്ക് മെച്ചപ്പെടുത്തിയില്ലെങ്കില്‍ നിങ്ങള്‍ സ്ഥിരമായി കുഴപ്പത്തില്‍ ചെന്നുചാടും. റണ്‍സടിക്കുന്നോ ഇല്ലയോ എന്നുള്ളത് പിന്നെ വരുന്ന കാര്യമാണ്. ആദ്യം ഫുട്വര്‍ക്ക് ശരിയാക്കണം. അതിനുള്ള കുറച്ച് കാര്യങ്ങള്‍ ഞാന്‍ സഞ്ജുവിനോട് പറഞ്ഞു– യുവ്രാജ് വെളിപ്പെടുത്തി.
താന്‍ പറഞ്ഞത് സഞ്ജു ഗൗരവമായി എടുത്തുവെന്നും മെല്ലെ മെല്ലെ സഞ്ജുവിന്‍റെ ഫുട്വര്‍ക്ക് മെച്ചപ്പെടാന്‍ തുടങ്ങിയെന്നും താരം പറയുന്നു. 'ആ കൂടിക്കാഴ്ചയ്ക്ക് ശേഷം സഞ്ജുവിന് അവസരം കിട്ടി, പക്ഷേ അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. വീണ്ടും അവസരം കിട്ടി. ട്വന്‍റി 20 ലോകകപ്പിന്‍റെ ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലുമെല്ലാം സഞ്ജു മെച്ചപ്പെട്ടതായി എനിക്ക് തോന്നി. കൂടുതല്‍ പന്തുകള്‍ നേരിടുന്തോറും സഞ്ജുവിന്‍റെ ഫുട്വര്ക്കും മെച്ചപ്പെട്ടുവന്നു. വിക്കറ്റില്‍ സമയം കൂടുതല്‍ ചെലവഴിച്ചപ്പോള്‍ ഫുട്വര്‍ക്ക് നന്നായി. പരിശീലനത്തിന്‍റെ മികവാണത്'- താരം വിശദീകരിച്ചു.
ട്വന്‍റി 20 ലോകകപ്പിന് മുന്‍പ് സഞ്ജു സാംസണും മുന്‍ സൂപ്പര്‍താരം യുവരാജ് സിങും ഒന്നിച്ചുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവ്രാജ് സിങുമായുള്ള കൂടിക്കാഴ്ച ഏറെ പ്രയോജനപ്പെട്ടതായി സഞ്ജു പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനൊപ്പം 12 സീസണുകളില്‍ കളിച്ച സഞ്ജു ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സിനായാണ് ഇറങ്ങുന്നത്. രാജസ്ഥാനെതിരായ ആദ്യ മല്‍സരത്തിന് പിന്നാലെ ഹോം ഗ്രൗണ്ടിലും സഞ്ജുവിന് തിളങ്ങാനായില്ല. വാനോളം പ്രതീക്ഷകളുമായി ആര്‍ത്തുവിളിച്ച ആരാധകര്‍ക്കിടയിലേക്ക് സഞ്ജു ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഷോര്‍ട് ബോള്‍ നേരിടാന്‍ പിന്നോട്ടിറങ്ങിയ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സിംപിളായി പുറത്താക്കുകയായിരുന്നു. 7 പന്തില്‍ 7 റണ്‍സ് മാത്രമെടുത്ത് താരം മടങ്ങി. ചെപ്പോക്ക് നിശബ്ദരായി. പക്ഷേ പിന്നാലെയെത്തിയവര്‍ തിളങ്ങിയതോടെ ചെന്നൈ 210 റണ്‍സിന്‍റെ വിജയലക്ഷ്യം പഞ്ചാബിന് മുന്നിലുയര്‍ത്തി. എന്നാല്‍ ശ്രേയസും സംഘവും അടിച്ചു തകര്‍ത്തതോടെ 18.4 ഓവറില്‍ പഞ്ചാബ് വിജയം കണ്ടു. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച പഞ്ചാബ് പോയിന്റുപട്ടികയില്‍ ഒന്നാമതെത്തി.