sanju

ഐപിഎലിലെ രണ്ടാം മല്‍സരത്തിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ഇന്നലെ പഞ്ചാബിനെതിരെ ചെന്നൈ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിലും സഞ്ജു രണ്ടക്കം കാണാതെ പുറത്തായി. 

ആദ്യമായി ചെപ്പോക്കില്‍ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ചേട്ടന്റെ വെടിക്കെട്ട് കാത്തിരുന്ന ആരാധകര്‍ നിരാശരായി മടങ്ങി. സീസണിലെ ആദ്യ ജയം തേടി രണ്ടാം മല്‍സരത്തിനിറങ്ങിയ ചെന്നൈക്കായി സഞ്ജു നിറംമങ്ങി. 7 പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ 7 റണ്‍സാണ് സഞ്ജു ഇന്നലെ നേടിയത്. രണ്ടാം ഓവറില്‍ സേവ്യര്‍ ബ്രാറ്റ്ലെറ്റിന്റെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജുവിന്റെ വിക്കറ്റ്. 

കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാനെതിരെയും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. 7 പന്തില്‍ 6 റണ്‍സ് മാത്രം നേടിയ സഞ്ജു ക്ലീന്‍ ബൗള്‍ഡായിരുന്നു. 20 20 ലോകകപ്പ് വിജയത്തിന് പിന്നാലെ സൂപ്പര്‍ ഫോമിലുള്ള സഞ്ജു ഐപിഎല്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്തുമെന്നായിരുന്നു സിഎസ്കെ ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, വരും മല്‍സരങ്ങളില്‍ സഞ്ജു ഷോ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. നാളെ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി അവരുടെ തട്ടകത്തിലാണ് ചെന്നൈയുടെ അടുത്ത മല്‍സരം.

ENGLISH SUMMARY:

Sanju Samson IPL performance has been disappointing in the initial matches of the IPL season, failing to reach double figures. Fans are hopeful for his return to form in upcoming games for Chennai Super Kings.