വിരാട് കോലിയുടെ ഇന്നിങ്സിന്‍റെ ബലത്തിലാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരായ 202 റണ്‍സ് ചേസിങ് ആര്‍സിബി നിസാരമായി മറികടന്നത്. പുറത്താകാതെ 69 റണ്‍സാണ് കോലി നേടിയത്. വിരാട് കോലി വിരമിക്കാനായിട്ടില്ലെന്നും ഇനിയും കുറെ ക്രിക്കറ്റ് അദ്ദേഹത്തിലുണ്ടെന്നും അമ്പാട്ടി റായിഡു പറഞ്ഞു.
വിരാട് കോലിയുടെ കരിയര്‍ അവസാനിക്കാറായിട്ടില്ലെന്നും ഇനിയും അഞ്ചോ ആറോ വര്‍ഷം ബാക്കിയുണ്ടെന്നും അമ്പാട്ടി റായിഡു പറഞ്ഞു. അദ്ദേഹം ടെസ്റ്റിലേക്ക് തിരികെ വരണം, അതും ക്യാപ്റ്റനായി. ഇത് ഗൗരവത്തോടെ പറയുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച റെഡ്-ബോൾ ക്യാപ്റ്റനാണ് അദ്ദേഹം, ഇപ്പോൾ അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി ഇന്ത്യൻ ക്രിക്കറ്റിന് ഒരു നഷ്ടമാണെന്നും അമ്പാട്ടി റായിഡു പറഞ്ഞു. 2025 ലാണ് കോലി ടെസ്റ്റില്‍ നിന്നും വിരമിച്ചത്.
ഇഷാന്‍ കിഷന്‍റെയും അനികേത് വര്‍മയുടെയും ഇന്നിങ്സില്‍ 201 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നേടിയത്. 15.4 ഓവറില്‍ ആര്‍സിബി ചെയ്സ് ചെയ്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ചെയ്സിങാണിത്. ഐപിഎൽ ചേസിംഗിൽ 4000 റൺസ് നേടുന്ന ആദ്യ കളിക്കാരനായി കോലി മാറി. ഷൊയിബ് മാലിക്കിനെയാണ് കോലി മറികടന്നത്.
കോലിക്കൊപ്പം മലയാളി താരം ദേവ്ദത്ത് പടിക്കലും അർധ സെഞ്ചറി നേടി. 38 പന്തുകൾ നേരിട്ട കോലി അഞ്ച് വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 69 റൺസുമായി പുറത്താകാതെനിന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കൽ 26 പന്തിൽ 61 റൺസെടുത്തു പുറത്തായി. 21 പന്തുകളിലാണ് പടിക്കല്‍ അര്‍ധ സെഞ്ചറിയിലെത്തിയത്. ഐപിഎലിൽ താരത്തിന്റെ വേഗതയേറിയ അർധ സെഞ്ചറിയാണിത്.