11 ആരാധകരുടെ കണ്ണീരോർമയിൽ ചിന്നസ്വാമി സ്റ്റേഡിയം, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള IPL ഉദ്ഘാടന മല്‍സരത്തിന് വേദിയായി. കഴിഞ്ഞ ജൂണിലാണ് ആർസിബിയുടെ ആദ്യ ഐപിഎൽ കിരീടനേട്ടത്തിന്റെ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആരാധകര്‍ മരിച്ചത്.
18 വര്‍ഷം കാത്തിരുന്ന് കിട്ടിയ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ജീവന്‍ വെടിയേണ്ടി വന്ന 11 പേര്‍ക്കായി 11 കസേരകള്‍ സ്റ്റേഡിയത്തില്‍ ഒഴിച്ചിട്ടിരുന്നു. പൂക്കള്‍കൊണ്ട് അലങ്കരിച്ച് അവര്‍ക്കായി എക്കാലവും ഒരിടം RCBയുടെ ഹോം ഗ്രൗണ്ടിലുണ്ടാകും. ചിന്നസ്വാമി സ്റ്റേഡിയത്തിലെ എല്ലാ ഐപിഎൽ, രാജ്യാന്തര മല്‍സരങ്ങളിലും ഈ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനു സമീപം സ്ഥാപിച്ച സ്മാരക ഫലകം സംസ്ഥാന ആഭ്യന്തര മന്ത്രിയും കെഎസ്‌സിഎ പ്രസിഡൻ്റ് വെങ്കടേഷ് പ്രസാദും ചേർന്ന് അനാച്ഛാദനം ചെയ്തു.
പരിശീലനത്തിനിറങ്ങിയ ആർസിബി താരങ്ങളെല്ലാം 11-ാം നമ്പർ ജഴ്സിയാണ് അണിഞ്ഞത്. ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി താരങ്ങളും ഒഫിഷ്യലുകളും ഒരു മിനിറ്റ് മൗനം ആചരിച്ചു.
കഴിഞ്ഞവര്‍ഷം ജൂണില്‍ കിരീടനേട്ടം ആഘോഷിക്കാനായി വൻ ജനാവലി ഒത്തുകൂടിയതോടെ ഗേറ്റുകളിൽ നിയന്ത്രണാതീതമായ തിരക്കുണ്ടാവുകയും സുരക്ഷാ ക്രമീകരണങ്ങൾ താളം തെറ്റുകയുമായിരുന്നു. ദുരന്തത്തിൽ 11 പേർ മരിക്കുകയും 50 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ മരിച്ച ആരാധകരോടുള്ള ആദരസൂചകമായി ഐപിഎൽ 2026-ലെ ഉദ്ഘാടനച്ചടങ്ങുകൾ ബിസിസിഐ നേരത്തെ റദ്ദാക്കിയിരുന്നു. ദുരന്തത്തെത്തുടർന്ന്, ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 7 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.