roshan-basheer

Image Credit : Instagram

ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം പറയുന്നത് വരുണ്‍ പ്രഭാകറിന്‍റെ കൊലപാതകത്തെ കുറിച്ചും അത് മറയ്ക്കാന്‍ പാടുപെടുന്ന ജോര്‍ജ് കുട്ടിയുടെ കുടുംബത്തെക്കുറിച്ചുമാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മൂന്നാം ഭാഗം നാളെ തിയറ്റര്‍ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ ബഷീറിന്‍റെ കുറിപ്പാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. 

ഹൃദസ്പര്‍ശിയായ കുറിപ്പിനൊപ്പം ദൃശ്യത്തിന്‍റെ പഴയ ലൊക്കേഷന്‍ ചിത്രങ്ങളും റോഷന്‍ പങ്കുവച്ചിട്ടുണ്ട്. ഇതിഹാസമായി മാറിയ ഒരു ചിത്രത്തില്‍ എക്കാലവും ഒര്‍ത്തിരിക്കാന്‍ സാധിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും ചിത്രത്തിന്‍റെ മൂന്നാം ഭാഗം നാളെ തിയറ്ററുകളിലെത്തുമെന്നും റോഷന്‍ കുറിച്ചു. റോഷന്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..'2013-ൽ ഞാൻ അഭിനയിച്ച 'ദൃശ്യം' ഷൂട്ടിംഗ് കാലത്തെ ഓർമ്മകളുടെ ശേഖരം. ഐതിഹാസികമായി മാറിയ സിനിമ, വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഓർമിക്കപ്പെടുന്ന ഒരു കഥാപാത്രം... നാളെ 'ദൃശ്യം 3' എത്തുന്നു. ആദ്യ ഭാഗത്തിൽ തന്നെ എന്റെ കഥാപാത്രം അവസാനിച്ചെങ്കിലും, സ്നേഹത്തിലൂടെയും, ട്രോളുകളിലൂടെയും, മീമുകളിലൂടെയും ഞാന്‍ ആളുകളുടെ മനസില്‍ ജീവിച്ചു.  സത്യസന്ധമായി പറഞ്ഞാൽ, ഞാൻ അതിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു' റോഷന്‍ കുറിച്ചു.

'ദൃശ്യത്തിലെ വരുണ്‍ പ്രഭാകറും ഞാനും രണ്ടുപേരാണ്. പക്ഷേ ഇത്രയും കാലം ഒരൊറ്റ കഥാപാത്രത്തിലൂടെ അറിയപ്പെടുന്നത് ഒരു ഭാഗ്യമാണ്. അങ്ങനെയൊരു ഐതിഹാസിക സിനിമയുടെ ഭാഗമാക്കിയതിന് ടീമിലെ എല്ലാവരോടും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു. 'ദൃശ്യം 3' ടീമിന് എല്ലാവിധ ആശംസകളും. നാളേക്കായി കാത്തിരിക്കുന്നു' റോഷൻ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്‍റെ ആദ്യഭാഗത്തില്‍ മാത്രമാണ് വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെ കാണിക്കുന്നുളളുവെങ്കിലും പിന്നീടിങ്ങോട്ട് ചിത്രം സ‍ഞ്ചരിച്ചത് മുഴുവന്‍ വരുണ്‍ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ ദൃശ്യം 3 പുറത്തിറങ്ങുമ്പോഴും കഥ വീണ്ടും പ്രേക്ഷകരെ കൊണ്ടുപോകാന്‍ പോകുന്നതും വരുണിന് പിന്നാലെ തന്നെയാകും.

2013-ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. മൂന്നാം ഭാഗത്തിലും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മീനയും , അന്‍സിബ ഹസ്സനും, എസ്തര്‍ അനിലും മോഹന്‍ലാലിനൊപ്പം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്‍റെ അതിജീവനം ഇതി ഏതെല്ലാം വഴിയൂടെയാണ് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ പോകുന്നത് എന്ന ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും.

ENGLISH SUMMARY:

Drishyam 3 is set to release tomorrow, continuing the popular Malayalam thriller franchise. Actor Roshan Basheer, who played Varun Prabhakar in the first installment, shared nostalgic memories and expressed gratitude for being part of the iconic film, which continues to be remembered through memes and discussions.