വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ വംശീയാധിക്ഷേപം നേരിട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ആരോപണം കടുപ്പിച്ച് വീണ്ടും രംഗത്ത്. വംശീയാധിക്ഷേപം മാത്രമല്ല താന്‍ കേള്‍ക്കേണ്ടി വന്നതെന്നും മദ്യപാനി എന്ന മുദ്രകുത്തല്‍ കൂടി തനിക്ക് നേരെ വന്നെന്നും ഇത് തന്റെ ജീവിതത്തെയും കരിയറിനേയും മോശമായ രീതിയില്‍ ബാധിച്ചെന്നും ലക്ഷ്മണ്‍ പറയുന്നു.
മദ്യപാനവും മയക്കുമരുന്നുപയോഗവും ആയി ബന്ധപ്പെട്ടുയര്‍ന്നുവന്ന ആരോപണങ്ങള്‍ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും ലക്ഷ്മണ്‍ ദ് ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് താന്‍ കടുത്ത വിഷാദത്തിലേക്ക് വീണുപോയെന്നും മുന്‍ സ്പിന്നര്‍ വ്യക്തമാക്കുന്നു.
‘ആളുകള്‍ക്ക് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണിഷ്ടം, എന്റെ യാത്രകളും പര്യടനങ്ങളുമെല്ലാം 16ാം വയസിനും 19നും ഇടയിലായിരുന്നു, പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിക്ക് ഏത് ഹോട്ടലില്‍ നിന്നാണ് മദ്യം ലഭിക്കുക? മയക്കുമരുന്നുകള്‍ താനെന്റ ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും, ബിയര്‍ മാത്രമാണ് പിന്നീടുള്ള കാലങ്ങളിലെങ്കിലും ഉപയോഗിച്ചതെന്നും ലക്ഷ്മണ്‍ പറയുന്നു.
മാതാപിതാക്കള്‍ തനിക്കായി വിവാഹാലോചനകള്‍ നടത്തിയ കാലത്തെ മോശം അനുഭവങ്ങളും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ടെസ്റ്റ് ക്രിക്കറ്ററാണെന്നും, ഒരു ഫ്ലാറ്റ് സ്വന്തമായുള്ള വ്യക്തിയാണെന്നു പോലും വിവാഹപ്പരസ്യം നല്‍കിയിട്ടും തനിക്ക് ഒരു പെണ്ണിന്റെ ഭാഗത്തുനിന്നും വിവാഹാലോചന വന്നില്ല, ഒരു മാതാപിതാക്കളും അവരുടെ പെണ്‍മക്കളെ എനിക്ക് വിവാഹം കഴിച്ചുതരാന്‍ തയാറായില്ല’– ലക്ഷ്മണ്‍ വ്യക്തമാക്കുന്നു. അത്രത്തോളം മോശം കാര്യങ്ങളാണ് തനിക്കെതിരെ പ്രചരിച്ചത്. 17-ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചിട്ടും വ്യാജ പ്രചരണങ്ങൾ മൂലം ജീവിതം ഇല്ലാതായ കഥയാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
മുതിര്‍ന്ന താരങ്ങളില്‍ നിന്നുള്‍പ്പെടെ കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നിരുന്നെന്നും ഗ്രൗണ്ട് സ്റ്റാഫ് ആണെന്ന് തെറ്റിദ്ധരിച്ച് ഷൂ വൃത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നതായും ശിവരാമകൃഷ്ണൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ച് താൻ ഇന്ത്യൻ ടീമിലെ അംഗമാണെന്ന് വിശ്വസിക്കാൻ തയാറാവാതെ ഗേറ്റ് കീപ്പര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്ത കാര്യവും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.