Dasun Shanaka (Image Credit: X@msaurabhshravan)

സിംബാബ്‍വെ താരം ബ്ലെസിങ് മുസറബാനിക്ക് പിന്നാലെ പി.എസ്.എല്‍ വിട്ട് ഐ.പി.എല്ലിലേക്ക് ചുവടുമാറ്റി ശ്രീലങ്കന്‍ താരം ദസുന്‍ ഷനക. പരുക്കേറ്റ സാം കരന് പകരക്കാരനായാണ് രാജസ്ഥാന്‍ റോയല്‍സ് ദസുന്‍ ഷനകയെ ടീമിലെടുത്തത്. പി.എസ്.എല്ലില്‍ ലാഹോര്‍ ഖലന്തേഴ്സ് താരമായിരുന്നു. പി.എസ്.എല്ലില്‍ ഷനകയ്ക്ക് ഓസ്ട്രേലിയന്‍ താരം ഡാനിയേൽ സാംസ് പകരക്കാരനാകും. 

ഈ സീസണില്‍ സിംബാബ്‍വെ താരം മുസറബാനിയാണ് ആദ്യം പി.എസ്.എല്‍ വിട്ട് ഐ.പി.എല്ലിലേക്ക് വന്നത്. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന് പകരക്കാരനായി കൊല്‍ക്കത്ത നൈറ്റ് റൈ‍ഡേഴ്സാണ് മുസറബാനിയെ ടീമിലെത്തിച്ചത്. ഐ.പി.എല്ലിലെ മികച്ച ടീമുകളിലും പരുക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പി.എസ്.എല്‍ താരങ്ങള്‍ ഐ.പി.എല്ലിലേക്ക് എത്തുമെന്നാണ് വിവരം. 

ലാഹോര്‍ ഖലന്തേഴ്സിന്‍റെ താരമായ വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ ഗുഡാകേഷ് മോട്ടി പി.എസ്.എല്ലില്‍ നിന്നും പിന്മാറിയിട്ടുണ്ട്. താരം ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സിലേക്ക് എത്തുമെന്നാണ് സൂചന. ക്വറ്റ ഗ്ലാഡിയേറ്റേസിന്‍റെ താരമായ ഓസ്ടേലിയന്‍ പേസര്‍ സ്പെന്‍സര്‍ ജോണ്‍സണ്‍ പി.എസ്.എല്‍ വിടാനുള്ള ഒരുക്കത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്സില്‍ നാഥന്‍ എല്ലിസിന് പകരക്കാരനായേക്കും എന്നാണ് വിവരം. ഇവരെ കൂടാതെ ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, ഒട്ട്നീൽ ബാർട്ട്മാൻ എന്നിവരും പി.എസ്.എല്ലില്‍ നിന്നും പിന്മാറിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.

താരങ്ങള്‍ പിന്മാറ്റം തുടങ്ങിയതോടെ നടപടിയുണ്ടാകുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി വ്യക്തമാക്കി. നിയമങ്ങൾ അനുസരിച്ച് കളിക്കാർക്കെതിരെ ഞങ്ങൾ നടപടിയെടുക്കുമെന്ന് നഖ്‌വി പറഞ്ഞു. സമയക്രമം ഐ.പി.എല്ലിനൊപ്പം വരുന്നത് പ്രശ്നമല്ല. കളിക്കാന്‍ ഐപിഎല്ലിലേക്ക് പോകുന്നുണ്ടെങ്കില്‍ മികച്ച കളിക്കാര്‍ ഇവിടെ എത്തുന്നുമുണ്ട്. വേറെ സമയമില്ലാത്തതിനാല്‍ പി.എസ്.എല്‍ മാറ്റിവയ്ക്കാൻ സാധിക്കില്ലെന്നാണ് നഖ്‍വി പറഞ്ഞത്. 

മാര്‍ച്ച് 26 നാണ് പി.എസ്.എല്‍ ആരംഭിക്കുന്നത്. ഐപിഎല്ലിന് രണ്ട് ദിവസം മുന്‍പ് പിഎസ്എല്‍ ആരംഭിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഇത്തവണ കാണികളെ അനുവദിക്കാതെയാകും മത്സരം. ആറു വേദികളില്‍ നടത്തിയിരുന്ന ടൂര്‍ണമെന്‍റ് കറാച്ചിയിലും ലഹോറിലുമാക്കി ചുരുക്കും. 

ENGLISH SUMMARY:

Dasun Shanaka has moved from PSL to IPL, replacing injured Sam Curran for Rajasthan. This follows Blessing Muzarabani's earlier switch from PSL to IPL as a replacement for Mustafizur Rahman.