ഈ ട്വന്‍റി 20 ലോകകപ്പ് സഞ്ജു സാംസണ്‍ എന്ന ക്രിക്കറ്ററുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കൂടെ കഥയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച താരം, നിര്‍ണായക നോക്കൗട്ട് മത്സരങ്ങളിലെ മൂന്ന് തകര്‍പ്പന്‍ ഇന്നിങ്സുകളുടെ പേരില്‍ ടൂര്‍ണമെന്‍റിന്‍റെ താരമാകുന്നു. സ്വന്തം നാട്ടില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം നഷ്ടമായി ലോകകപ്പ് ടീമിന് പുറത്തായൊരാള്‍ നിര്‍ണായക ഘട്ടത്തില്‍ ടീമിന് രക്ഷകനായെത്തുന്നു. സിനിമയെ വെല്ലുന്ന കഥ, അതിലെ നായകനെ പരുവപ്പെടുത്തിയതില്‍ ഒരാളുടെ കയ്യൊപ്പുണ്ടെന്നാണ് സഞ്ജു മത്സര ശേഷം പറഞ്ഞത്. 

കഴിഞ്ഞ മാസങ്ങളായി സച്ചിനുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വാധീനിച്ചെന്നും സഞ്ജു മത്സര ശേഷം പറഞ്ഞു. 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു ഫൈനലില്‍ നേടിയത്. 

2024 വെസ്റ്റിന്‍ഡീസ് ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴും ഈ സമയം മനസിൽ ആഗ്രഹിച്ചിരുന്നതായി സഞ്ജു പറഞ്ഞു. ''അതിനായി സ്വപ്നം കാണുകയും പ്രയത്നിക്കുകയും ചെയ്തു. ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ മാനസികമായി തകര്‍ന്നുപോയി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. എന്റെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു. ഇനി എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിച്ചു. എന്നാൽ ദൈവത്തിന് മറ്റൊരവസരമാണ് നൽകാനുണ്ടായിരുന്നത്. നിർണായക മത്സരത്തില്‍ തിരിച്ചെത്താനും രാജ്യത്തിനുവേണ്ടി എനിക്കാകുന്നത് ചെയ്യാന്‍ സാധിച്ചെന്നും വിശ്വസിക്കുന്നു'' എന്നായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍. 

തിരിച്ചുവരവിന് പിന്നില്‍ ഇന്ത്യൻ ടീമിലെ മുന്‍ താരങ്ങളുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളാണെന്ന് സഞ്ജു പറഞ്ഞു. ഈ അവസരത്തിലാണ് സച്ചിന്‍റെ നിര്‍ദ്ദേശങ്ങളെ പറ്റി സഞ്ജു പറഞ്ഞത്. '' കഴിഞ്ഞ മാസങ്ങളില്‍ ഞാന്‍ സച്ചിന്‍ സാറുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ കളിക്കാതെ ടീമിന് പുറത്തിരുന്ന സമയത്താണ് എങ്ങനെയുള്ള മാനസികാവസ്ഥയാണ് വേണ്ടതെന്ന് ഞാന്‍ ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു. ഇന്നലെ പോലും അദ്ദേഹം എന്നെ വിളിച്ച് എനിക്ക് എങ്ങനെയുണ്ട് എന്ന് അന്വേഷിച്ചിരുന്നു. അദ്ദേഹത്തെപ്പോലൊരാളിൽ നിന്ന് മാർഗനിർദ്ദേശം ലഭിക്കുമ്പോൾ അതിലപ്പുറം മറ്റെന്താണ് എനിക്ക് ചോദിക്കാൻ കഴിയുക?" സഞ്ജു കൂട്ടിച്ചേർത്തു.

അദ്ദേഹത്തോട് സംസാരിച്ചതിലെ വ്യക്തത, മത്സരത്തിനുള്ള തയ്യാറെടുപ്പ്, ഗെയിം സെന്‍സ് എന്നിവയെല്ലാം സഹായിച്ചെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും സഞ്ജു പറഞ്ഞു. ടൂര്‍ണമെന്‍റിന്‍റെ താരമായിരുന്നു സഞ്ജു സാംസണ്‍. അഞ്ച് ഇന്നിങ്സുകളില്‍ 321 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. നിര്‍ണായകമായ മൂന്നു മത്സരങ്ങളില്‍ 97*, 89, 89 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. 

ENGLISH SUMMARY:

After a historic T20 World Cup 2026 win, Player of the Tournament Sanju Samson revealed the secret behind his cinematic comeback: the mentorship of legendary Sachin Tendulkar. Despite being benched during the 2024 edition and facing a mental slump after the New Zealand series, Samson bounced back to score a record-breaking 321 runs in just five innings. Speaking after his match-winning 89 off 46 balls in the final, the wicketkeeper-batsman shared how regular consultations with Tendulkar helped him master the mental game and tactical clarity needed for high-pressure knockouts. Samson's scores of 97*, 89, and 89 in the crucial final stages of the tournament have cemented his legacy as India's ultimate crisis man. From losing his spot in the national side to becoming the backbone of a World Cup-winning campaign, Samson’s journey reflects a remarkable transformation guided by the Master Blaster himself. This heartfelt revelation has touched millions of fans as India celebrates its latest ICC trophy under the Ahmedabad lights.