ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ സഞ്ജു സാംസണ് അര്‍ധസെഞ്ചറി. തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചറിയാണ് താരം നേടുന്നത്. 33 പന്തുകളിലാണ് സഞ്ജു ഫിഫ്റ്റിയടിച്ചത്. അഞ്ചു ഫോറുകളും അഞ്ച് സിക്സുകളും  ഇതുവരെ നേടി. അര്‍ധ സെഞ്ചറി പിന്നിട്ടതിനു ശേഷവും സഞ്ജു കൂടുതല്‍ അക്രമകാരിയായി. പന്തുകള്‍ തുടരെ വേലിക്കെട്ടിനു പുറത്തേക്ക് പാഞ്ഞു. സെഞ്ചറിയിലേക്ക് കുതിക്കുമെന്ന് തോന്നിയ ഘട്ടത്തിലായിരുന്നു താരം വീണത്. നീഷാമിന്റെ പന്തില്‍ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി. 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. എട്ടു സിക്സുകളാണ് നേടിയത്. ഇതിനിടെ വണ്‍ഡൗണായി ഇറങ്ങിയ ഇഷാന്‍ കിഷനും അര്‍ധസെഞ്ചറി നേടി. 

ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും സഞ്ജു സാംസണും തകര്‍ത്തടിച്ചപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ അക്കങ്ങള്‍ തുടരെ മാറിമറിഞ്ഞു. ഇരുവരും തുടരെ പന്തുകള്‍ ബൗണ്ടറി വരക്കപ്പുറത്തേക്ക് പായിച്ചു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടം കൂടാതെ 92 റണ്‍സെടുത്തു. അഭിഷേക് 18 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചറി നേടി. 

മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സിക്സറടിച്ച്് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണർമാരും കത്തിക്കയറി. മൂന്നാം ഓവറിൽ പിറന്നത് 15 റണ്‍സ് . ലോക്കി ഫെർഗൂൺ എറിഞ്ഞ നാലാ ഓവറിൽ 24 റൺസാണ് അഭിഷേകും സഞ്ജുവും ചേർന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറിൽ 21 റൺസും പിറന്നു. എട്ടാം ഓവറില്‍ ന്യൂസീലന്‍ഡ് കാത്തിരുന്ന വിക്കറ്റ് വീണു. രവിന്ദ്രയുടെ പന്തില്‍ വിക്കറ്റിനു പിന്നില്‍ സെയ്ഫര്‍ട്ട് ക്യാച്ചെടുത്തു. 21 പന്തുകളില്‍ നിന്ന് 52 റണ്‍സാണ് താരം നേടിയത്. 

ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന് ഓപ്പണിങ് കൂട്ടുകെട്ട്. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്

ENGLISH SUMMARY:

Sanju Samson achieved his third consecutive fifty in the T20 World Cup final, marking a significant achievement. His explosive batting, including five fours and five sixes, contributed greatly to India's strong start in the crucial match.