ട്വന്റി20 ലോകകപ്പിൽ നിർണായക സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 196 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു.
മികച്ച തുടക്കമാണ് വിന്‍ഡീസിനു ലഭിച്ചത്. ഹോപ്പും റോസ്റ്റന്‍ ചേസും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഓപ്പണിങ് കൂട്ടുകെട്ട് 68 ല്‍ നില്‍ക്കെ 32 റണ്‍സെടുത്ത ഹോപ്പ് വീണു. പിന്നീടെത്തിയ ഹെറ്റ്മെയര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മികച്ച ഫോമിലായിരുന്ന ചേസിന്റെ വിക്കറ്റ് വീണത് ഇന്ത്യയ്ക്ക് ആശ്വാസമായി. 40 റണ്‍സാണ് ചേസ് നേടിയത്. അവസാന ഓവറുകളില്‍ പവലും ഹോള്‍ഡറും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. പവല്‍ 19 പന്തുകളില്‍ നിന്ന് 34 ഉം ഹോള്‍ഡര്‍ 22 പന്തുകളില്‍ നിന്ന് 37 റണ്‍സും നേടി.
ജസ്പ്രീത് ബുംമ്ര രണ്ടും ഹാര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ചെന്നൈയിൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ ഇറങ്ങിയ അതേ ടീമുമായാണ് കൊൽക്കത്തയിലും ഇന്ത്യ കളിച്ചത്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളർ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ കുൽദീപ് യാദവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇലവനിൽ ഉൾപ്പെടുത്തിയില്ല. വെസ്റ്റിൻഡീസ് ടീമിൽ ബ്രൻഡൻ കിങ്ങിനു പകരം അകീൽ ഹൊസൈൻ ടീമിലെത്തി.