Image Credit: PTI
ട്വന്‍റി 20 ലോകകപ്പിലെ നിര്‍ണായക മല്‍സരത്തിന് ഇറങ്ങാനൊരുങ്ങുകയാണ് ടീം ഇന്ത്യ. സെമി ഫൈനല്‍ സാധ്യതയെങ്കിലും സജീവമാക്കണമെങ്കില്‍ ഇന്നത്തെ മല്‍സരം ജയിച്ചേ തീരൂ. പ്രോട്ടീസിനോടേറ്റ 76 റണ്‍സിന്‍റെ തോല്‍വി സൂര്യകുമാറിനെയും സംഘത്തെയും അത്രയും വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. ഇന്ത്യ ഉള്ള ഗ്രൂപ്പ് എയില്‍ നിലവിലെ പോയിന്‍റ് നിലയില്‍ വെസ്റ്റ് ഇന്‍ഡീസാണ് മുന്നില്‍. 2 പോയിന്‍റും നെറ്റ് റണ്‍റേറ്റ് +5.350. രണ്ട് പോയിന്‍റ് തന്നെ ദക്ഷിണാഫ്രിക്കയ്ക്കുമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് +3.800 ആണ്. ആദ്യ മല്‍സരം തോറ്റ ഇന്ത്യയ്ക്കും സിംബാബ്വെയ്ക്കും പോയിന്‍റുകളില്ല. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് –3.800 വും സിംബാബ്വെയുടേത് -5.350 വുമാണ്. Also Read: ചെപ്പോക്കില്‍ കെമിക്കല്‍ സ്പ്രേയടിച്ചു; ഇറക്കുമതി യുഎസില്‍ നിന്ന്
നിലവില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക–വിന്‍ഡീസ് മല്‍സരം തുടങ്ങിയിട്ടുണ്ട്. ഇന്ത്യ–സിംബാബ്വെ മല്‍സരം ഏഴുമണിയോടെ ചെപ്പോക്കിലും നടക്കും. സിംബാബ്വെയ്ക്കെതിരെ ജയിക്കുന്നതിനൊപ്പം വിന്‍ഡീസിനെ വന്‍ മാര്‍ജിനില്‍ ദക്ഷിണാഫ്രിക്ക തോല്‍പ്പിക്കുക കൂടി ചെയ്താലേ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ വയ്ക്കൂ.
സാധ്യത 1: വിന്‍ഡീസിനെ ദക്ഷിണാഫ്രിക്കയും സിംബാബ്വെയെ ഇന്ത്യയും തോല്‍പ്പിച്ചാല്‍ ദക്ഷിണാഫ്രിക്ക 4 പോയിന്‍റുമായി ഒന്നാമതും രണ്ട് വീതം പോയിന്‍റുമായി ഇന്ത്യയും വിന്‍ഡീസും തൊട്ടുപിന്നാലെയും എത്തും. അങ്ങനെ സംഭവിച്ചാല്‍ ദക്ഷിണാഫ്രിക്ക പാട്ടുംപാടി സെമിയില്‍ കടക്കും. ഇന്ത്യ–വിന്‍ഡീസ് മല്‍സരത്തില്‍ ജയിക്കുന്നവര്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ സെമിയില്‍ രണ്ടാമതായി കടക്കും.
സാധ്യത 2: വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ഇന്ന് തോല്‍പ്പിക്കുകയും ഇന്ത്യ സിംബാബ്വെയെ തോല്‍പ്പിക്കുകയും ചെയ്താല്‍ വിന്‍ഡീസ് 4 പോയിന്‍റുമായി പട്ടികയില്‍ ഒന്നാമതെത്തും തൊട്ടുപിന്നില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും രണ്ട് വീതം പോയിന്‍റുകളുമായി സ്ഥാനം പിടിക്കും. അങ്ങനെയെങ്കില്‍ കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ വമ്പന്‍ മാര്‍ജിനില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിക്കുകയും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുകയും വേണ്ടി വരും. മാത്രവുമല്ല, അടുത്ത മല്‍സരത്തില്‍ സിംബാബ്വെ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയോ(അപ്പോള്‍ ദക്ഷിണാഫ്രിക്ക പോയിന്‍റ് നിലയില്‍ രണ്ടാമത് തന്നെ വരും), അല്ലെങ്കില്‍ ദക്ഷിണാഫ്രിക്കയോട് നേരിയ മാര്‍ജിന് സിംബാബ്വെ തോല്‍ക്കുകയോ ( അപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് ഇന്ത്യയുടേതിനെക്കാള്‍ കൂടുകയില്ല) ചെയ്യണം.
സാധ്യത മൂന്ന്: ഇന്ന് ഇന്ത്യ സിംബാബ്വെയോട് തോറ്റു എന്ന് കരുതുക. പുറത്തായെന്ന് സാരം. എന്നിരുന്നാലും നേരിയ പ്രതീക്ഷയുണ്ട്. അതിങ്ങനെയാണ്.. ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെയും സിംബാംബ്വെയും തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുക. വിന്‍ഡീസിനെ ഇന്ത്യ അടുത്ത മല്‍സരത്തില്‍ വന്‍ മാര്‍ജിന് തോല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയിന്‍റും ഇന്ത്യയ്ക്കും വിന്‍ഡീസിനും സിംബാബ്വെയ്ക്കും രണ്ട് പോയിന്‍റ് വീതവും നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ സെമിയിലേക്ക് കടക്കാനും കഴിയും.